കോട്ടയം:സാങ്കേതികത്വം പറഞ്ഞ് കടിച്ചുതൂങ്ങാതെ മാണി സി കാപ്പൻ എത്രയും വേഗം എംഎൽഎ സ്ഥാന ഒഴിയണമെന്ന്
കേരളാ യൂത്ത്ഫ്രണ്ട് (എം ) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ പറഞ്ഞു.
മന്ത്രിക്കുപ്പായം തയ്പിച്ചുവെയ്ക്കാൻ മാണി സി കാപ്പന് ബലം നൽകിയവർ കാപ്പൻ്റെ രാജി ആവശ്യപ്പെട്ട് സർക്കാരിന് ഇങ്ങനൊരു വഞ്ചകൻ്റെ പിന്തുണ വേണ്ടെന്നു പ്രഖ്യാപിക്കണം.
നഗ്നമായ വഞ്ചന നടത്തുക, പിടിക്കപ്പെടുമ്പോൾ ഒത്തുതീർപ്പുണ്ടാക്കി വീണ്ടും വഞ്ചിയ്ക്കുക എന്നിങ്ങനെ ക്രിമിനൽവഞ്ചകർ പോലും ചെയ്യാനറയ്ക്കുന്ന പാതകത്തിനാണ് കാപ്പന് മുംബൈ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
കേരള ചരിത്രത്തിൽ ആദ്യമാണ് വഞ്ചനാകേസിൽ ഒരു എംഎൽഎ ശിക്ഷിക്കപ്പെടുന്നത്.
ഇത്തരമൊരു ജനപ്രതിനിധിയെ പാലാ എന്നല്ല കേരളത്തിലെ ഒരു നിയോജകമണ്ഡലവും അർഹിക്കുന്നില്ല.
ഇത്തരം സാമദ്രോഹം ചെയ്ത ഒരു ജനപ്രതിനിധി കേരള നിയമസഭ പോലെ ഉന്നതശീർഷർ അലങ്കരിച്ച കസേരയിലിരിക്കുന്നത് കേരളത്തിനാകെ അപമാനമാണ്.
ഈ വഞ്ചനാസാമ്രാട്ടിനെതിരെ തുടർന്നും സമാനമായ കേസുകൾ പൊങ്ങിവരുന്നുണ്ട്.
ഓരോന്നിലും സാങ്കേതികത്വം പിടിവള്ളിയാക്കി എംഎൽഎ സ്ഥാനം സംരക്ഷിച്ചുകളയാമെന്ന വ്യാമോഹം കാപ്പനുണ്ടാവാൻ സാധ്യതയുണ്ട്.
സംസ്ഥാനത്തെ കോടതികളിൽ നിന്നുത ന്നെ പരാതിക്കാരനു ലഭിക്കേണ്ടിയിരുന്ന നീതിയ്ക്കുവേണ്ടി സംസ്ഥാനത്തിനു പുറത്തെ നിയമസംവിധാനത്തെ ആശ്രയിക്കേണ്ടി വന്നതിൽ പോലും പ്രതിയുടെ ദുഷിച്ച കരങ്ങളുണ്ടാവുമെന്നു വേണം അനുമാനിക്കാൻ.
അതിൻ്റെ തനിയാവർത്തനത്തിന് പിന്നാലെ വരുന്ന കേസുകളിൽ ഇയാൾക്ക് അവസരമുണ്ടാക്കിക്കൂടാ. തൽസ്ഥാനത്തു തുടരരുതെന്നതല്ലാതെ മറ്റൊരു ഒത്തുതീർപ്പും ഇയാളുമായുണ്ടാക്കാൻ യുഡിഎഫ് നേതൃത്വത്തിലാരെയും മുഖ്യമന്ത്രി അനുവദിക്കരുത്.
അതല്ലാത്ത ഒത്തുകളികൾ കാപ്പൻ്റെ സ്ഥാനം സംരക്ഷിക്കാൻ ഏതുഭാഗത്തുനിന്നുണ്ടായാലും അതിനെ നേരിടാൻ യൂത്ത് ഫ്രണ്ട് മുന്നിലുണ്ടാവും.






