തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷത്തില്‍ എസ്എഫ്ഐ നേതാവിനെ കൻ്റോണ്‍മെൻറ് എസ്ഐ ഫോണില്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി.
സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും എസ്ഐയ്ക്കെതിരെ വകുപ്പ്തല നടപടി വേണോ എന്ന് തീരുമാനിക്കുക. ഭീഷണി ഓഡിയോ പുറത്തുവന്നതിന് പിന്നാലെ എസ്ഐക്കെതിരെ എസ്എഫ്ഐ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എസ്.ഐ ഗോകുല്‍ ഗോപാലാണ് SFI ജില്ലാ സെക്രട്ടറി നന്ദനെ ഭീഷണിപ്പെടുത്തിയത്.
യൂത്ത് കോണ്‍ഗ്രസുമായുള്ള എസ്എഫ്ഐ സംഘർഷത്തിനിടെ കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ വിദ്യാർഥികളെ ലാത്തിചാർജ്ജ് ചെയ്തത് മുതല്‍ വിവാദത്തിലായിരുന്നു കന്റോണ്‍മെന്റ് സി ഐയും എസ് ഐയും. പിന്നീട് എസ് ഐ ഗോകുല്‍, എസ് എഫ് ഐ ജില്ലാ സെക്രട്ടറി നന്ദനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതും വിവാദത്തിലായിരുന്നു. അതിനിടെ എസ് എച്ച് ഒയുടെ 'പേടിച്ച് പോയെന്ന് പറഞ്ഞേക്ക്' എന്നുള്ള ഫേസ്ബുക്ക് കുറിപ്പും വലിയ തോതില്‍ വിമർശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇരുവരെയും വീടുകളിലേക്ക് എസ് എഫ് ഐ പ്രതിഷേധ മാർച്ചും നടത്തി. അതേസമയം തന്നെ എസ് എഫ് ഐ ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടില്‍ പൊലീസ് പരിശോധനയും നടത്തിയിരുന്നു.






