ഡൽഹി: കാൻസർ മരുന്നുകള്‍ക്ക് വ്യാപാര മാർജിൻ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താൻ തീരുമാനം.
നാഷണല്‍ ലിസ്റ്റ് ഓഫ് എസൻഷ്യല്‍ മെഡിസിൻസില്‍ (NLEM) ഉള്‍പ്പെടാത്ത മരുന്നുകള്‍ക്കാണ് ട്രേഡ് മാർജിൻ പരമാവധി കുറക്കാൻ തീരുമാനിച്ചത്.
ഇതോടെ ഇത്തരം മരുന്നുകളുടെ വിലയില്‍ 70 ശതമാനം വരെ കുറവുണ്ടാകും.
പുതിയ നടപടി കാൻസർ രോഗികള്‍ക്ക് പ്രതിവർഷം 2,500 കോടി രൂപയുടെ സാമ്പത്തിക ലാഭമുണ്ടാക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
മരുന്നുകള്‍ വിതരണക്കാർക്കും ചില്ലറ വില്‍പ്പനക്കാർക്കും നല്കുന്ന വിലയും ഉപഭോക്താക്കള്‍ക്കുള്ള പരമാവധി വില്‍പ്പന വിലയും തമ്മിലുള്ള അന്തരം കുറച്ച് മരുന്നുകളുടെ വില നിയന്ത്രിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബ്രാൻഡഡ്, ജനറിക് മരുന്നുകള്‍ക്കൊപ്പം ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ മരുന്നുകള്‍ക്കും പേറ്റന്റുള്ളതും ഇല്ലാത്തതുമായ മരുന്നുകള്‍ക്കും പുതിയ നിയന്ത്രണം ബാധകമാകും.
35 പേറ്റന്റുള്ള മരുന്നുകള്‍ ഉള്‍പ്പെടെ 110-ലധികം പ്രമുഖ കാൻസർ പ്രതിരോധ മരുന്നുകളെ ഈ ഉത്തരവ് നേരിട്ട് സഹായിക്കും. നേരത്തെ അവശ്യമരുന്നുകളുടെ പട്ടികയിലുള്ള 131 കാൻസർ മരുന്നുകള്‍ക്ക് മാത്രമായിരുന്നു നാഷണല്‍ ഫാർമസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി വിലനിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.






