കോട്ടയം: യു.എസിലെ കലിഫോര്‍ണിയയില്‍ ദാരുണമായി കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കു.
തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ മറ്റത്ത് ആന്‍ മേരി മാത്യു (40), തൃശൂര്‍ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് അഞ്ജന വിജീഷ് (35) എന്നിവരുടെ ഭൗതികശരീരങ്ങളാണ് രാവിലെ എട്ടോടെ നെടുമ്പാശ്ശേരിയില്‍ എത്തിക്കുന്നത്.
ഓഗസ്റ്റ് 28-നായിരുന്നു ഇരുവരും കൊല്ലപ്പെടുന്നത്. അഞ്ജനയുടെ സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. അഞ്ജനയെ കാറിടിപ്പിച്ചും ആന്‍ മേരിയെ കുത്തിയുമാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. പോസ്റ്റ്മോര്‍ട്ടം, എംബാം ചെയ്യല്‍, വിദേശകാര്യ വകുപ്പുകളുടെ ഇമിഗ്രേഷന്‍ നടപടികള്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് അയച്ചത്.
കൊച്ചിയിലെത്തിക്കുന്ന തൃശൂര്‍ മുടിക്കോട് സ്വദേശിനിയായ അഞ്ജനയുടെ മൃതദേഹം തൃശൂരിലെ വസതിയിലെത്തിച്ച ശേഷം തിങ്കളാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍ സംസ്കരിക്കും. തൃശൂര്‍ മുടിക്കോട് തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതിമാരുടെ മകളാണ് അഞ്ജന. തിരുവനന്തപുരം കേശവദാസപുരം മറ്റത്ത് ജിജി മാത്യുവിന്റെയും പരേതയായ ബെസ്സി ജി. മാത്യുവിന്റെയും മകളായ ആന്‍ മേരി മാത്യുവിന്റെ മൃതദേഹം ഭര്‍ത്താവ് പള്ളത്ര ജേക്കബ് ആന്‍ഡ്രൂസിന്റെ (മിഥുന്) നാടായ പള്ളത്ത് ചൊവ്വാഴ്ച രാവിലെ 10 മണിയോടെ എത്തിക്കും.
സെന്റ് ഇഗ്നേഷ്യസ് യാക്കോബായ (കല്ലൂപ്പറമ്പില്‍ / ബുക്കാന) പള്ളിയിലെ പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് 12 മണിയോടെ സംസ്കാരച്ചടങ്ങുകള്‍ ആരംഭിക്കും. ആന്‍ഡ്രീന, അലീസ എന്നിവരാണ് ആന്‍ മേരിയുടെ മക്കള്‍.






