ഹരാരെ:സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിൽ ഓസ്ട്രേലിയക്ക് ഒരു വിക്കറ്റ് ജയം.
സിംബാബ്വെ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം 49.5 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്.
വെസ്ലി മധേവര എറിഞ്ഞ അവസാന ഓവറിൽ ഒൻപത് റൺസാണ് ഓസീസിന് വിജയിക്കാൻ ആവശ്യമായുണ്ടായിരുന്നത്.
ആദ്യ പന്തിൽ സിക്സർ പറത്തി നഥാൻ എല്ലിസ് പ്രതീക്ഷ നൽകി.
തൊട്ടടുത്ത പന്തിൽ സിംഗിൾ നേടിയതോടെ നാല് പന്തിൽ രണ്ട് റൺസ് എന്ന നിലയിൽ കങ്കാരുപ്പട അനായാസം ജയത്തിലേക്ക് അടുത്തു.
എന്നാൽ തൊട്ടടുത്ത പന്തിൽ സ്പെൻസർ ജോൺസന് റൺസ് നേടാനായില്ല.
നാലാം പന്തിൽ സ്പെൻസർ സിംഗിൾ നേടി സ്ട്രൈക്ക് എല്ലിസിന് കൈമാറി.
അഞ്ചാം പന്തിൽ വിജയ റൺ നേടി സന്ദർശകർ സസ്പെൻസ് അവസാനിപ്പിച്ചു.
ഇതോടെ സിംബാബ്വെക്കെതിരായ ഏകദിന പരമ്പര 3-0 വൈറ്റ്വാഷ് ചെയ്യാനും ഓസീസിനായി.
സെഞ്ച്വറി നേടിയ ജോഷ് ഇംഗ്ലിസിന്റെ (102 പന്തിൽ 103) ബാറ്റിങ് കരുത്തിലാണ് ഓസീസ് വിജയത്തിലേക്ക് മുന്നേറിയത്.
ഒൻപതാമനായി ക്രീസിലെത്തിയ നഥാൻ എല്ലിസ്(36) റൺസുമായി പുറത്താകാതെ നിന്നു.
അവസാന ഓവറുകളിൽ ഓസീസ് പേസറുടെ ബാറ്റിങ് പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്.
നേരത്തെ ക്യാപ്റ്റൻ സിക്കന്തർ റാസയുടെ അർധ സെഞ്ച്വറി കരുത്തിലാണ് സിംബാബ്വെ മികച്ച ടോട്ടൽ പടുത്തുയർത്തിയത്.
72 പന്തിൽ 81 റൺസുമായി റാസ പുറത്താകാതെ നിന്നു.
ഇന്നൊസെന്റ് കെയ്യയും ക്രയ്ഗ് എർവിനും അർധ സെഞ്ച്വറിയുമായി സിംബാബ്വെക്കായി തിളങ്ങി.






