കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ ബൊട്ടാണിക്കല്‍
ഗാര്ഡന് സംസ്ഥാനത്തെ രണ്ടാമത്തെ ജൈവവൈവിധ്യ പൈതൃക കേന്ദ്രമെന്ന അംഗീകാരം.
സര്‍വകലാശാല ബോട്ടണി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യാനത്തെ
പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.
വിവിധ കാലങ്ങളിലായി സര്‍വകലാശാലയില്‍ സേവനമനുഷ്ഠിച്ച അധ്യാപകരുടെ ദീര്‍ഘവീക്ഷണവും കൂട്ടായ പരിശ്രമവുമാണ് ഈ നേട്ടത്തിന് പിന്നില്‍.
പ്രൊഫ. സന്തോഷ് നമ്പിയുടെ നേതൃത്വത്തിലുള്ള ഇടപെടലുകള്‍ക്കും ദേശീയ, സംസ്ഥാന ജൈവവൈവിധ്യ
ബോര്‍ഡുകളുടെ പിന്തുണയ്ക്കും അംഗീകാരം ലഭിക്കുന്നതില്‍ നിര്‍ണായക പങ്കുണ്ടായി.
19.5 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഉദ്യാനം അപൂര്‍വവും വൈവിധ്യമാര്‍ന്നതുമായ സസ്യങ്ങളുടെ വലിയ ശേഖരമാണ്.
ബ്രയോഫൈറ്റുകള്‍, പന്നല്‍ച്ചെടികള്‍, കാക്ടസുകള്‍, ജലസസ്യങ്ങള്‍, ഇഞ്ചിവര്‍ഗങ്ങള്‍, കാട്ടുവാഴകള്‍, ഔഷധസസ്യങ്ങള്‍ തുടങ്ങി നിരവധി വിഭാഗങ്ങളില്‍പ്പെട്ട സസ്യങ്ങള്‍ ഇവിടെയുണ്ട്.
പശ്ചിമഘട്ടം, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സസ്യങ്ങളും ഉദ്യാനത്തില്‍ സംരക്ഷിച്ചുവരുന്നു.
ഇതിനുപുറമെ, ഏകദേശം 13.5 ഏക്കര്‍ സ്ഥലത്ത് സ്വാഭാവിക സസ്യജാലങ്ങളും നിലനിര്‍ത്തിയിട്ടുണ്ട്.
ഉദ്യാനത്തിലെ വിശാലമായ ജലസംഭരണികള്‍ സമീപപ്രദേശങ്ങളിലെ ജലസ്രോതസ്സുകളെ നിലനിര്‍ത്തുന്നതിനും സഹായകരമാണ്.
1968ല്‍ പ്രൊഫ. ബി.കെ. നായരുടെ നേതൃത്വത്തിലാണ് ബൊട്ടാണിക്കല്‍ ഗാര്ഡന് സ്ഥാപിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള സസ്യശാസ്ത്ര ഗവേഷകരും വിദ്യാര്‍ഥികളും പഠനത്തിനും ഗവേഷണത്തിനുമായി ഈ ഉദ്യാനം ഉപയോഗപ്പെടുത്തുന്നുണ്ട്.
കാഴ്ചാപരിമിതിയുള്ളവര്‍ക്കും സസ്യങ്ങളെ അടുത്തറിയാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സസ്യങ്ങളുടെ ഗന്ധവും സ്പര്‍ശവും ഉപയോഗിച്ച് അവയെ തിരിച്ചറിയുന്നതിനൊപ്പം ഓഡിയോ സംവിധാനത്തിലൂടെയും വിവരങ്ങള്‍ ലഭിക്കും.
സസ്യങ്ങളുടെ പേരും മറ്റ് വിവരങ്ങളും ബ്രെയില്‍ ലിപിയിലും രേഖപ്പെടുത്തിയിട്ടുണ്ട്.






