കോട്ടാങ്ങല്‍: രണ്ടു പിഞ്ചുകുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള യുവാവിന്റെ ശ്രമം കുന്നമംഗലം പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് വിദഗ്ധമായി പൊളിച്ചു.
കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് അഞ്ചും രണ്ടും വയസ്സുള്ള രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട ശേഷം യുവാവ് ദേഹത്ത് ഡീസല്‍ ഒഴിക്കുകയും അടുക്കളയിലെ ഗ്യാസ് തുറന്നു വിടുകയും ചെയ്തത്. കുന്നമംഗലം സിഐ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് കുട്ടികളെയും യുവാവിനെയും രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാത്രി കമ്പനി മുക്ക് ഈഗിള്‍ പ്ലാന്റേഷന് കോളനിയിലാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വീട്ടില്‍ നിന്നു ഇറക്കി വിട്ട ശേഷം കുട്ടികളെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കാന്‍ ശ്രമിക്കുന്നു എന്ന വിവരം പോലീസിന് ലഭിക്കുകയായിരുന്നു. പട്രോള്‍ സംഘത്തിലെ എഎസ്ഐ പി. സഫിയയുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തിയെങ്കിലും, ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ട നിലയിലായിരുന്നതിനാല്‍ ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമായിരുന്നു.
യുവാവുമായി ഒരു മണിക്കൂറോളം സിഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംസാരിച്ച് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും വാതില്‍ തുറക്കാന്‍ ഇയാള്‍ തയാറായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സും പോലീസ് സംഘവും ചേര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കടക്കുകയായിരുന്നു. സാഹസികമായി യുവാവിനെ കീഴടക്കിയ സംഘം കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ സിഐ കെ.പി. അഭിലാഷ് അടക്കമുള്ള പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും കഠിനാധ്വാനം മൂലം വലിയൊരു വന്‍ ദുരന്തമാണ് അവിടെ ഒഴിവായത്.
സംഭവത്തില്‍ ഇയാള്‍ക്കെതിരെ ജീവന് അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) പ്രകാരവും, സംരക്ഷണയിലുള്ള കുട്ടികളോട് ക്രൂരമായി പെരുമാറിയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്ത് അറസ്റ്റ് ചെയ്തു. സിഐ കെ.പി. അഭിലാഷ്, എഎസ്ഐ പി. സഫിയ, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത്, ഹോംഗാര്‍ഡ് മോഹനന് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.






