ഗ്രേറ്റര്‍ നോയിഡ: യമുന എക്സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസിന് തീപിടിച്ച് ഒമ്പത് പേര് മരിച്ചു.
ബുധനാഴ്ച രാത്രി വൈകിയാണ് ഞെട്ടിക്കുന്ന സംഭവം. തീ പടര്‍ന്നതോടെ പരിഭ്രാന്തരായ ചില യാത്രക്കാര്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുറത്തേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. ഡല്‍ഹിയില്‍ നിന്ന് മഹോബയിലേക്ക് പോവുകയായിരുന്ന ബസിനാണ് രാത്രി 11.30ഓടെ തീപിടിച്ചത്. ഏകദേശം 40 മുതല്‍ 50 വരെ യാത്രക്കാര്‍
ബസിലുണ്ടായിരുന്നതായാണ് വിവരം. തീ പടര്‍ന്നതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ ബസ് പൂര്‍ണമായും അഗ്നിക്കിരയായി. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. യാത്രക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരന്റെ വാക്കുകള്‍ ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്നതാണ്. ബസില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ഒരാള്‍ വിളിച്ചുണര്‍ത്തി ബസിന് തീപിടിച്ച വിവരം അറിയിക്കുകയായിരുന്നുവെന്ന് യാത്രക്കാരന് പറഞ്ഞു. പുക നിറഞ്ഞതോടെ ബസിനുള്ളില്‍ നിന്ന് പുറത്തുകടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നുവെന്നും യാത്രക്കാരന് വ്യക്തമാക്കി. പരിഭ്രാന്തരായാണ് ഓരോരുത്തരും രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. തീ ബസിന്റെ മുന്‍ഭാഗത്ത് നിന്നാണ് പടര്‍ന്നതെന്നും പിന്നിലായിരുന്നു തന്റെ സീറ്റ് എന്നുമാണ് യാത്രക്കാരന് പറഞ്ഞത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി






