കൊച്ചി: എറണാകുളം ജില്ലയിൽ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ ഗതാഗത നിയമ ലംഘനങ്ങൾക്കായി 2,11,500 രൂപ പിഴ ഈടാക്കി.
പരിശോധനയിൽ ആകെ 50 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.
സ്വകാര്യ ബസുകൾ അപകടകരമായ രീതിയിൽ ഓടിക്കുന്നതായും സ്പീഡ് ഗവർണർ അഴിച്ച് മാറ്റി അമിത വേഗത്തിൽ സർവീസ്
നടത്തുന്നതായും ലൈസൻസില്ലാതെ വാഹനമോടിക്കുന്നതായും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ നാല് സ്ക്വാഡുകളായി തിരിഞ്ഞ് തൃപ്പൂണിത്തുറ,
ഹൈക്കോടതി പരിസരം, ആലുവ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
സ്പീഡ് ഗവർണർ അഴിച്ച് മാറ്റിയതായി കണ്ടെത്തിയ നാല് വാഹനങ്ങളുടെ സർവീസ് നിർത്തിവെക്കാൻ നോട്ടീസ് നൽകി.






