ഗാന്ധിനഗര്‍ : ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ അപകടം. കെട്ടിടത്തിലെ ഇരുമ്പ് സ്ലാബ് തകര്‍ന്ന് വീണാണ് അപകടമുണ്ടായത്. ഗാന്ധിനഗര്‍ കുഡാസനിലാണ് അപകടമുണ്ടായത്. പൊളിഞ്ഞ് വീണ കെട്ടിടത്തില്‍ കുടുങ്ങിയ 15 തൊഴിലാളികളെ പുറത്തെത്തിച്ചു. ഇതില്‍ 13 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്.
മൂന്ന് നിലകളിലാണ് കൊമേര്‍ഷ്യല്‍ കോംപ്ലക്സിന്റെ നിര്‍മ്മാണമാണ് നടന്നുകൊണ്ടിരുന്നത്. ഇന്നലെ രാത്രി 9.15ഓടെയാണ് അപകടമുണ്ടായതെന്ന് ഗാന്ധിനഗര്‍ ഫയര്‍ ഫോഴ്സ് ചീഫ് രാജേഷ് പാട്ടേല്‍ പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കവെയായിരുന്നു അപകടം. മൂന്നാം നിലയിലെ സ്ലാബ് പെട്ടെന്ന് തകരുകയായിരുന്നു. ഇതോടെ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും നിലംപതിച്ചു.
ശബ്ദം കേട്ട് സ്ഥലത്തെത്തിയ പരിസരവാസികളാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഫയര്‍ഫോഴ്സ് അംഗങ്ങള്‍ എത്തുന്നതിന് മുമ്പ് തന്നെ കെട്ടിടാവശ്ഷ്ടങ്ങള്ക്കിടയില് കുടുങ്ങിയ നാല് പേരെ നാട്ടുകാര്‍ പുറത്തെത്തിച്ചിരുന്നു. ഫയര്‍ഫോഴ്സ് എത്തി രാത്രിയിലുടനീളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.






