കോട്ടയം: കാലവർഷക്കെടുതിയില്‍ കോട്ടയം ഈരാറ്റുപേട്ടയിലെ ഇളപ്പുങ്കല്‍-കാരക്കാട് നടപ്പാലം വീണ്ടും തകർന്നു. 2021ലെ പ്രളയത്തില്‍ തകർന്ന പാലം ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യത്തെ തുടർന്ന് 2025ല്‍ പുനർനിർമിച്ചതായിരുന്നു. എന്നാല്‍ വീണ്ടും പ്രളയത്തില്‍ പാലം തകർന്നതോടെ പ്രദേശവാസികള്‍ കടുത്ത ദുരിതത്തിലായി.
മീനച്ചിലാറിന് കുറുകെ ഇളപ്പുങ്കലിനെയും കാരക്കാടിനെയും ബന്ധിപ്പിക്കുന്ന 35 വർഷം പഴക്കമുള്ള നടപ്പാലമാണ് തകർന്നത്. സ്കൂള്‍ വിദ്യാർഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ ദൈനംദിന യാത്രയ്ക്ക് ആശ്രയമായിരുന്ന പാലം പ്രദേശവാസികള്‍ക്ക് ഹൈവേയിലേക്കുള്ള എളുപ്പവഴിയുമായിരുന്നു.
നടപ്പാലത്തിന് പകരം വാഹനങ്ങള്‍ക്കും കടന്നുപോകാൻ കഴിയുന്ന സ്ഥിരം പാലം നിർമിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ വർഷങ്ങളായി സമരം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 10 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിക്കുകയും മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള പ്രാഥമിക നടപടികള്‍ പൂർത്തിയാകുകയും ചെയ്തിരുന്നു.
എന്നാല്‍ പദ്ധതി നടപ്പാകാതെ പോയതോടെ താല്‍ക്കാലിക പരിഹാരമായി 21 ലക്ഷം രൂപ ചെലവഴിച്ച് 2025ല്‍ നടപ്പാലം പുനർനിർമിക്കുകയായിരുന്നു.
2021ലെ പ്രളയത്തില്‍ പാലത്തിന്റെ മധ്യഭാഗം ഒഴുകിപ്പോയിരുന്നു. നാലുവർഷത്തെ കാത്തിരിപ്പിനൊടുവില്‍ പുനർനിർമിച്ച ഭാഗം തന്നെയാണ് ഇത്തവണത്തെ പ്രളയത്തില്‍ വീണ്ടും തകർന്നത്. പ്രളയജലത്തില്‍ ഒഴുകിയെത്തിയ മരങ്ങളും വലിയ അവശിഷ്ടങ്ങളും പാലത്തില്‍ ഇടിച്ചാണ് പാലം തകർന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പാലം തകർന്നതോടെ ഇളപ്പുങ്കലിലെയും കാരക്കാടിലെയും നിവാസികള്‍ക്ക് മറുകരയിലെത്താൻ ഈരാറ്റുപേട്ട ടൗണ്‍ വഴി ഏകദേശം ഏഴ് കിലോമീറ്റർ അധികദൂരം സഞ്ചരിക്കേണ്ട സാഹചര്യമാണ്.
ഇനി താല്‍ക്കാലിക നടപ്പാലം പുനർനിർമിക്കുന്നതിനുപകരം ഇരുകരകളെയും ബന്ധിപ്പിക്കുന്ന സ്ഥിരം വാഹനപാലം ഉടൻ നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പ്രളയം സൃഷ്ടിച്ച നാശനഷ്ടങ്ങളുടെ പട്ടികയില്‍ ഇളപ്പുങ്കല്‍ നടപ്പാലവും വീണ്ടും ഇടംപിടിച്ചതോടെ ശാശ്വത പരിഹാരത്തിനായുള്ള ആവശ്യം ശക്തമാകുകയാണ്.






