കോഴിക്കോട് : ട്രെയിൻ മാറി കയറിയ 4 വയസുകാരന് രക്ഷകനായി ടിടിഇ. തലശ്ശേരിയിലേക്കു പോകാൻ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ കാത്തുനില്‍ക്കവേ 4 വയസുകാരൻ അറിയാതെ മറ്റൊരു ട്രെയിനില്‍ കയറുകയായിരുന്നു. പാനൂർ സ്വദേശികളുടെ മകനാണ് ട്രെയിൻ മാറിക്കയറിയത്. ഇന്ന് ഉച്ചയ്ക്ക് 1.40 ഓടെയാണ് സംഭവം.
ഐസ്ക്രീമിന്റെ കവർ കളയാൻ രക്ഷിതാവ് പോയ സമയത്താണ് പ്ലാറ്റ്ഫോമില്‍ നിർത്തിയിട്ട ജനശതാബ്ദി എക്സ്പ്രസില്‍ കുട്ടി കയറിയത്. പിന്നാലെ ട്രെയിൻ പ്ലാറ്റ്ഫോം വിടുകയും ചെയ്തു. പിതാവ് സിറാജുദ്ദീനും മാതാവ് ഷമീനയും പ്ലാറ്റ്ഫോമില്‍ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടില്ല.
ജനശതാബ്ദി എക്സ്പ്രസില്‍ ഡി 8 കോച്ചിന്റെ വാതിലിനടുത്ത് കുട്ടി തനിച്ചു നില്ക്കുന്നതു കണ്ട ടിടിഇ എൻഎ പ്രതീഷ് വിവരം റെയില്‍വേ കണ്ട്രോള് റൂമില്‍ അറിയിച്ചു. കുട്ടിയെ കാണാതായ വിവരം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ട്രോള് റൂം വഴി പ്രതീഷ് കുമാറിനെ അറിയിക്കുകയും ചെയ്തു.
കുട്ടിയെ ടിടിഇയ്ക്ക് കിട്ടിയ വിവരം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ അനൗണ്‍സ് ചെയ്തു. ട്രെയിൻ തിരൂരില്‍ നിർത്തിയപ്പോള്‍ കുട്ടിയെ ടിടിഇ തിരൂർ ആർപിഎഫിനെ ഏല്‍പ്പിച്ചു. വൈകാതെ മാതാപിതാക്കള്‍ മറ്റൊരു ട്രെയിനില്‍ തിരൂരിലെത്തി കുട്ടിയെ ഏറ്റുവാങ്ങി.






