മുംബൈ: ലക്നൗവില്‍ നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തരമായി ഇറക്കി. വ്യാഴാഴ്ച വൈകുന്നേരം അഹമ്മദാബാദ് വിമാനത്താവളത്തിലാണ് സംഭവം.
വിമാനത്തിനുള്ളില്‍ 'BOMB' എന്ന് എഴുതിയ ടിഷ്യൂ പേപ്പർ കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര നടപടി. ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 133 ആളുകളാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം 5:55-ഓടെ അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനത്തില്‍ നിന്ന് എല്ലാ യാത്രക്കാരെയും പുറത്തെത്തിച്ചു.
വിമാനത്താവള സെക്യൂരിറ്റി, ഫയർ ഫോഴ്സ്, ബോംബ് സ്ക്വാഡ്, പൊലീസിലെ വിവിധ ഏജൻസികള്‍ എന്നിവർ ചേർന്ന് വിമാനത്തിനുള്ളില്‍ വിശദമായ പരിശോധനകള്‍ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താനായില്ല. പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം വിമാനം രാത്രിയോടെ പുറപ്പെടുകയും ചെയ്തു.
എന്നാല്‍ വ്യാജ സന്ദേശം എഴുതിയതാരെന്ന് കണ്ടെത്താൻ യാത്രക്കാരില്‍ നിന്ന് കൈയ്യക്ഷര സാമ്പിളുകള്‍ ശേഖരിച്ചു വരികയാണ്. ഭീഷണി കുറിപ്പുമായി ഒത്തുനോക്കുന്നതിനായി യാത്രക്കാരോട് ടിഷ്യൂ പേപ്പറില്‍ തന്നെ എഴുതി നല്‍കാനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഫലം എന്തെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല.
10 ദിവസത്തിനിടെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ സംഭവിക്കുന്ന രണ്ടാമത്തെ സമാനമായ അടിയന്തര ലാൻഡിംഗാണിത്. മുൻപ്, ഒരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലും സമാനമായ രീതിയില്‍ ഭീഷണി ഉയരുകയും അന്വേഷണം ഒരു ക്രൂ അംഗത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.






