തിരുവനന്തപുരം:കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് പത്മജ വേണുഗോപാൽ കത്ത് നൽകും.
പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ പത്മജ ഫോണിൽ വിളിച്ച് നന്ദി പറഞ്ഞു.
ഇന്നലെയാണ് ബിജെപി വിട്ട വിവരം പത്മജ പുറത്തുവിട്ടത്.
പത്മജയുടെ മടങ്ങിവരവിൽ ചർച്ചകൾക്ക് ശേഷമാകും പാർട്ടിയുടെ തീരുമാനം.
ബിജെപിയിൽ പോയത് തെറ്റായിപ്പോയെന്നും ആ തെറ്റ് ഇപ്പോൾ തിരുത്തുന്നുവെന്നും പത്മജ വേണുഗോപാൽ പ്രതികരിച്ചു.
ബിജെപിയുടെ ആശയങ്ങള്‍ പഠിക്കാതെ എടുത്തുചാടിയെന്നും പത്മജ പറഞ്ഞു.
രാജിക്കാര്യം ആദ്യം അറിയിച്ചത് കെ മുരളീധരനെ മാത്രമെന്ന് വെളിപ്പെടുത്തിയ പത്മജ ചേട്ടനെ തിരിച്ചുകിട്ടി,
അതാണ് സന്തോഷമെന്നും കൂട്ടിച്ചേര്‍ത്തു. പദവി കിട്ടാത്തതിനാലല്ല രാജിയെന്നും പത്മജ പറഞ്ഞു.
ബിജെപി വാഗ്ദാനമൊന്നും നൽകിയിരുന്നില്ല.
താനൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നു.
കോൺഗ്രസിലെ പദവി കണ്ടല്ല രാജിയെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ പറഞ്ഞു.
അതേസമയം, പത്മജയുടെ രാജിയിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു.
താനല്ല പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നതെന്നും അതിനാല്‍ മറുപടി പറയേണ്ടയാൾ താനല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
പത്മജയുടെ രാജി നിർഭാഗ്യകരമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ കെ അനീഷ് കുമാർ പ്രതികരിച്ചു.






