ന്യൂ ഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് ബിജെപി ദേശീയതലത്തിൽ വൻ സംഘടനാ പുനഃസംഘടന നടത്തി. ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യത്തെ പ്രധാന പുനഃസംഘടനയാണിത്. പരിചയസമ്പന്നരായ നേതാക്കൾക്കൊപ്പം യുവ നേതാക്കൾക്കും പ്രാദേശിക പ്രാതിനിധ്യത്തിനും കൂടുതൽ പ്രാധാന്യം നൽകിയാണ് പുതിയ ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽ വനിതാ പ്രാതിനിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 13 ദേശീയ വൈസ് പ്രസിഡന്റുമാരിൽ ആറുപേരും വനിതകളാണ്. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള രണ്ട് നേതാക്കൾക്കും പ്രധാന ചുമതലകൾ നൽകിയിട്ടുണ്ട്.
രാം മാധവും താരിഖ് മൻസൂറും ദേശീയ വൈസ് പ്രസിഡന്റുമാരാകും. ബി.എൽ. സന്തോഷ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും. അനിൽ ആന്റണിയും ദേശീയ സെക്രട്ടറിയായി തുടരും. കേരളത്തിൽ നിന്നുള്ള മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെയും ദേശീയ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടിയിൽ നിന്ന് ബിജെപിയിലെത്തിയ സന്ദീപ് പഥക്കിനും ദേശീയ സെക്രട്ടറിയുടെ ചുമതല നൽകി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കോർഡിനേറ്ററായി സാംബിത് പാത്രയെ നിയമിച്ചു. അതേസമയം, ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എ.പി. അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി. ബിജെപിയുടെ സോഷ്യൽ മീഡിയ കൺവീനർ സ്ഥാനത്ത് നിന്ന് അമിത് മാളവ്യയെ മാറ്റി ദീപക് മസ്കെയെ പുതിയ കൺവീനറായി നിയമിച്ചു. മാധ്യമ വിഭാഗം തലവനായി അനിൽ ബലൂനി തുടരും. പ്രദീപ് ഭണ്ഡാരിക്കാണ് സഹ കൺവീനറുടെ ചുമതല.
തെക്കൻ, കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നതാണ് പുതിയ നിയമനങ്ങളുടെ പ്രധാന സവിശേഷത. കേരളം, പശ്ചിമ ബംഗാൾ, ഒഡിഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾക്ക് ദേശീയ തലത്തിൽ നിർണായക ചുമതലകൾ ലഭിച്ചിട്ടുണ്ട്. സംഘടനാ തലത്തിലെ ഈ മാറ്റങ്ങളിലൂടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കൂടുതൽ ശക്തമായ മുന്നേറ്റം നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. പ്രാദേശിക നേതാക്കൾക്ക് ദേശീയ നേതൃത്വത്തിൽ കൂടുതൽ അവസരം നൽകുന്നതും പുതിയ ടീമിന്റെ പ്രധാന പ്രത്യേകതയാണ്.






