ദില്ലി: നീറ്റ് ചോദ്യപേപ്പർ ക്രമക്കേടിനെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ധർമേന്ദ്ര പ്രധാൻ വീണ്ടും മോദി മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ ഉടൻ നടക്കാനിരിക്കുന്ന പുനഃസംഘടനയിൽ മുതിർന്ന ബി.ജെ.പി നേതാവും ലോക്സഭാ എം.പിയുമായ ധർമേന്ദ്ര പ്രാധാന് വീണ്ടും കാബിനറ്റ് പദവി ലഭിച്ചേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.
കഴിഞ്ഞ ജൂലൈ 25-നാണ് വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാനും പ്രക്ഷോഭങ്ങൾ രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കുന്നത് തടയാനുമായി ധർമേന്ദ്ര പ്രധാൻ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്.
എന്നാൽ പാർട്ടിയിലും കേന്ദ്ര നേതൃത്വത്തിലും ഇപ്പോഴും അദ്ദേഹത്തിന് വലിയ പിന്തുണയാണുള്ളത്.
രാജിക്ക് ശേഷം പാർലമെന്റിലെത്തിയ അദ്ദേഹത്തിന് ബി.ജെ.പി എം.പിമാർ സ്വീകരണം നൽകിയതും ശ്രദ്ധേയമായിരുന്നു.
ബി.ജെ.പി അധ്യക്ഷൻ നിതിൻ നബീൻ പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭയിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നത്.
നിലവിലെ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ ബി.ജെ.പി ദേശീയ ട്രഷററായി നിയമിച്ചിരുന്നു.
വരാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ കൂടുതൽ വനിതാ നേതാക്കളെ ഉൾപ്പെടുത്താനും, എൻ.ഡി.എയിലെ സഖ്യകക്ഷികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാനും സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.






