ലക്നൗ : ഉത്തർപ്രദേശിൽ റാപ്പിഡോ ബൈക്ക് ടാക്സി യാത്രയ്ക്കിടെ 17കാരന് നേരെ ലൈംഗികാതിക്രമം. യാത്രയ്ക്കിടെയാണ് 17കാരന് നേരെ ഡ്രൈവർ ലൈംഗികാതിക്രമം നടത്തിയത്. പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങൾ 17കാരൻ തന്റെ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. സംഭവം പുറത്തായതോടെ ഇയാളെ റാപ്പിഡോ ജോലിയില്‍ നിന്ന് പുറത്താക്കി.
യാത്രയ്ക്കിടെ ഇയാള്‍ കൈ പിന്നോട്ട് വയ്ക്കുന്നതും 17കാരന്റെ ജനനേന്ദ്രിയത്തില്‍ കയറി പിടിക്കുന്നതും വ്യക്തമായി കാണാം. ഇതുകൂടാതെ ഇയാള്‍ യാത്രക്കാരന്റെ തുടയില്‍ പിടിക്കുന്നതും 17കാരന്റെ കൈ പിടിച്ച് തന്റെ ജനനേന്ദ്രിയത്തില്‍ തൊടീപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇയാളുടെ കൈ ഇതിനിടെ തട്ടിമാറ്റാന്‍ 17കാരന് ശ്രമിക്കുന്നുണ്ട്.
ദൃശ്യങ്ങള്‍ പകര്‍ത്തിയ 17കാരന് ഇത് സമൂഹമാധ്യമത്തില്‍ പങ്കിടുകയായിരുന്നു. യാത്രയ്ക്കിടെ ഇയാള്‍ ശബ്ദമുയര്‍ത്തി പ്രതികരിക്കാതിരുന്നത് വിഡിയോയില്‍ വ്യക്തമാണ്. കൂടാതെ പൊലീസിലും പരാതി നല്‍കിയിട്ടില്ല. ഇത് ഭയം കൊണ്ടായിരിക്കാമെന്നാണ് നിഗമനം.
സംഭവത്തിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് റാപിഡോ രംഗത്തുവന്നു. ഇയാളെ തങ്ങളുടെ സേവന ശൃംഖലയില്‍ നിന്ന് പിരിച്ചുവിട്ടെന്നും യാത്രികരുടെ സുരക്ഷയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും റാപിഡോ കുറിച്ചു.






