കോട്ടയം: പാലാ നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ നാടകീയ രംഗങ്ങള്‍. നഗരസഭാ ചെയർപേഴ്സണ്‍ മായ രാഹുല്‍ സംസാരിക്കുന്നതിനിടയില്‍ കൗണ്‍സിലർ ബിനു പുളിക്കകണ്ടം മൈക്ക് തട്ടി മാറ്റി.
നഗരസഭയിലെ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതികള്‍ കൗണ്‍സിലില്‍ ചർച്ച ചെയ്തില്ല എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യുഡിഎഫ് കൗണ്‍സിലർമാരും ഡയസിന് മുന്നില്‍ പ്രതിഷേധിച്ചു. ഇതിനിടെ അജണ്ടകള്‍ പാസാക്കിയെന്നു പറഞ്ഞു ചെയർപേഴ്സണ്‍ മായ രാഹുല്‍ ഇറങ്ങിപ്പോയി.
നഗരസഭാ ചെയർപേഴ്സന്റെ മൈക്ക് തട്ടി മാറ്റിയ സംഭവത്തില്‍ കൗണ്‍സിലർ ബിനു പുളിക്കകണ്ടത്തിനെതിരെ പൊലീസില്‍ പരാതി. ചെയർപേഴ്സണ്‍ മായ രാഹുല്‍ ആണ് പാലാ പൊലീസില്‍ പരാതി നല്‍കിയത്. നഗരസഭയുടെ പൊതുമുതലിന് നാശം വരുത്തി എന്നാണ് പരാതി. ബിനു പുളിക്കകണ്ടം നഗരസഭയില്‍ ഭീകരാന്തരീക്ഷം ഉണ്ടാക്കിയെന്നും ഇതുമൂലം വനിതാ കൗണ്‍സിലർമാർക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായെന്നും പരാതിയില്‍ പറയുന്നു.






