കാഠ്മണ്ഡു: ഹിമാലയത്തില്‍ മഞ്ഞുരുകുന്നത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പൊതുവായ ഭീഷണിയാകുമെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി ശിശിർ ഖനലിന്റെ മുന്നറിയിപ്പ്.
ഇന്ത്യയെ കൂടാതെ ചൈന, നേപ്പാള്‍, ഭൂട്ടാൻ എന്നീരാജ്യങ്ങള്ക്കും ഇത് ഭീഷണിയാകുമെന്നും അതിനാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും ശിശിർ ഖനല്‍ പറഞ്ഞു.
ഇന്ത്യ, ചൈന, നേപ്പാള്‍, ഭൂട്ടാൻ എന്നിവ പാരിസ്ഥിതികമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവയാണ്. ഹിമാലയത്തില്‍ ഉരുകുന്നതെന്തും കടലില്‍ ജലനിരപ്പ് ഉയർത്തും. അതിനാല്‍ ഈ രാജ്യങ്ങള്‍ ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും നേപ്പാളും ഇന്ത്യയും നേരിടുന്ന പാരിസ്ഥിതിക ഭീഷണിയെക്കുറിച്ച് വിശദീകരിക്കവേ ശിശിർ ഖനല്‍ പറഞ്ഞു.
നേപ്പാളും ഇന്ത്യയും തമ്മിലുള്ള സാംസ്കാരികവും മതപരവുമായ ബന്ധങ്ങള്‍ നിലനിർത്തിക്കൊണ്ടുതന്നെ, പാരിസ്ഥിതികമായ കാഴ്ചപ്പാടിലൂടെ ഇന്ത്യ-നേപ്പാള്‍ ബന്ധത്തെ പുനർനിർവചിക്കേണ്ടതിന്റെ ആവശ്യകതയും ഖനല്‍ ഊന്നിപ്പറഞ്ഞു. "നേപ്പാളും ഇന്ത്യയും എപ്പോഴും 'റോട്ടി-ബേട്ടി' (ഭക്ഷണവും വിവാഹബന്ധവും), 'സീത-രാം' എന്നീ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ ബന്ധത്തെക്കുറിച്ച് സംസാരിച്ചിട്ടുള്ളത്. മതപരവും നാഗരികവുമായ പ്രത്യേകതകള്‍ ഞങ്ങളുടെ ബന്ധത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ പാരിസ്ഥിതികമായ തലത്തില്‍ നമ്മുടെ ബന്ധത്തെ പുനരാവിഷ്കരിക്കേണ്ടതുണ്ട്" ഖനല്‍ പറഞ്ഞു. കാഠ്മണ്ഡുവില്‍ ഇന്നലെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിമാലയത്തില്‍ ഉരുകുന്നതെന്തും കടലില്‍ ജലനിരപ്പ് ഉയർത്തുന്നു. ബുധനാഴ്ച ഞങ്ങളുടെ കണ്മുന്നില് കണ്ടതും അതുതന്നെയാണ്. ഹിമാലയത്തിലെ നേപ്പാള്‍-ചൈന അതിർത്തി മേഖലയിലുണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം താഴേക്ക് കുത്തിയൊഴുകുകയും നേപ്പാളിലെ പല പ്രദേശങ്ങളെയും തകർക്കുകയും ചെയ്തു. ചൈന, നേപ്പാള്‍, ഇന്ത്യ, ഭൂട്ടാൻ എന്നിവ പാരിസ്ഥിതികമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു; നമ്മുടെ നിലനില്‍പ്പും ഭാവിയും ഹിമാലയൻ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാമെങ്കിലും, കാലാവസ്ഥാ വ്യതിയാനത്താല്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന മേഖലയെന്ന നിലയില്‍ നാം ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ട്."
കൂടുതല്‍ പാരിസ്ഥിതിക സഹകരണത്തിന് ആഹ്വാനം ചെയ്ത മന്ത്രി, ഇത്തവണത്തെ വെള്ളപ്പൊക്കം താഴേക്ക് ഒഴുകി ഇന്ത്യയെ ബാധിച്ചിട്ടില്ലെങ്കിലും, ഇത്തരം സംഭവങ്ങള്‍ മുൻപ് ഉണ്ടായിട്ടുണ്ടെന്നും ഭാവിയിലും ഉണ്ടായേക്കാമെന്നും മുന്നറിയിപ്പ് നല്കി. "ഭാഗ്യവശാല്‍, ഇത്തവണ വെള്ളം താഴേക്ക് ഒഴുകി നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ പ്രദേശങ്ങളെ ബാധിച്ചിട്ടില്ല. എന്നാല്‍ മുൻപ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്."
സഹകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, ഹിമാലയൻ മേഖലയിലെ പാരിസ്ഥിതിക ദുർബലാവസ്ഥ രൂക്ഷമായ ജലക്ഷാമത്തിലേക്ക് നയിച്ചേക്കാമെന്ന് ഖനല്‍ മുന്നറിയിപ്പ് നല്കി. "സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ദുർബലാവസ്ഥ വർദ്ധിക്കും. ഈ സംഭവവികാസങ്ങള്‍ മേഖലയിലെ ഇരുനൂറ് കോടി ജനങ്ങളുടെ ശുദ്ധജല ലഭ്യതയെ ബാധിച്ചേക്കാം." ഇതിനെ ഒരു "നാഗരികതയെത്തന്നെ ബാധിക്കുന്ന ഭീഷണി" എന്ന് വിശേഷിപ്പിച്ച ഖനല്‍, "നാം എങ്ങനെ ഒത്തുചേർന്ന് പ്രവർത്തിക്കുന്നു എന്നത് വളരെ പ്രധാനമാണ്" എന്നും അഭിപ്രായപ്പെട്ടു.
ബുധനാഴ്ചയുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കം (flash floods) നേപ്പാള്‍ അതിർത്തിയോട് ചേർന്നുള്ള ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ഏത് സാഹചര്യവും നേരിടാൻ സംസ്ഥാന സർക്കാരുകള്‍ അടിയന്തര യോഗങ്ങള്‍ വിളിച്ചുചേർക്കുകയും ഭരണകൂടങ്ങള്‍ക്ക് ജാഗ്രതാ നിർദ്ദേശം നല്‍കുകയും ചെയ്തിരുന്നു. നേപ്പാളില്‍ നിന്ന് ബിഹാറിലേക്കും ഉത്തർപ്രദേശിലേക്കും നിരവധി പ്രധാന നദികള്‍ ഒഴുകുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ച ഗണ്ഡക് നദി, കോസി നദി എന്നിവ. ഹിമാലയത്തിലും ടിബറ്റിലുമായി ഉത്ഭവിക്കുന്ന ഈ നദികള്‍ പിന്നീട് ഇന്ത്യൻ സമതലങ്ങളിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്.






