കോട്ടയം: സംസ്ഥാനത്ത് ബാറുകളുടെ എണ്ണത്തില്‍ കഴിഞ്ഞ പത്തുവർഷത്തിനിടെ വൻ വർധന.
2016 ഏപ്രിലില്‍ സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നത് വെറും 29 ബാറുകളായിരുന്നെങ്കില് 2026 ഏപ്രിലില്‍ ഇത് 903 ആയി ഉയർന്നു.
നിലവില്‍ 57 പഞ്ചനക്ഷത്ര ബാർ ഹോട്ടലുകളും 308 നാല് നക്ഷത്ര ഹോട്ടലുകളും 512 മൂന്ന് നക്ഷത്ര ഹോട്ടലുകളുമാണ് സംസ്ഥാനത്തുള്ളത്.
ബാറുകളുടെ എണ്ണം വർധിച്ചതോടെ ഒരേ ടൗണില്‍ പോലും പരസ്പരം തൊട്ടടുത്തായി നിരവധി ബാറുകള്‍ പ്രവർത്തിക്കുന്ന സാഹചര്യമുണ്ടായി. വില്‍പ്പന കൂട്ടുന്നതിനായി ചില ബാറുകള്‍ നിശ്ചിത സമയത്തിന് മുൻപേ തുറക്കുന്നതടക്കമുള്ള നിയമലംഘനങ്ങള്‍ നടത്തുന്നതായാണ് ആരോപണം. ഇത്തരം നിയമലംഘനങ്ങള്‍ക്ക് എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശ തേടുന്നതും കൈക്കൂലി നല്കുന്നതുമാണ് പതിവെന്ന ആരോപണവും ഉയരുന്നു.
29 ബാറുകളില്‍ നിന്ന് 903ലേക്ക്
2014ലെ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന 730 ബാറുകളുടെ എണ്ണം 29 ആയി ചുരുങ്ങിയിരുന്നു. പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലുകള്‍ക്ക് മാത്രമായിരുന്നു അന്ന് ബാർ ലൈസൻസ് അനുവദിച്ചിരുന്നത്. ഇതോടെ രണ്ട്, മൂന്ന്, നാല് നക്ഷത്ര പദവികളുള്ള 701 ബാറുകളുടെ ലൈസൻസ് റദ്ദാക്കി. പല സ്ഥാപനങ്ങളും പൂട്ടുകയും ചിലത് ബിയർ-വൈൻ പാർലറുകളായി മാറുകയും ചെയ്തു.
അന്ന് ശേഷിച്ച 29 പഞ്ചനക്ഷത്ര ബാറുകളാണ് 2016 ഏപ്രിലില്‍ സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. എന്നാല്‍ പിന്നീട് നയത്തില്‍ വന്ന മാറ്റങ്ങളോടെ ബാറുകളുടെ എണ്ണം കുത്തനെ ഉയർന്നു.
അതേസമയം, ബാറുകളുടെ എണ്ണത്തിലുണ്ടായ വർധനയ്ക്ക് ആനുപാതികമായി സർക്കാർ മദ്യശാലകളുടെ എണ്ണം വർധിച്ചിട്ടില്ല. ബെവറേജസ് കോർപ്പറേഷന്റെ 285 ചില്ലറ വില്പനശാലകളും കണ്‍സ്യൂമർഫെഡിന്റെ 46 ഔട്ട്ലെറ്റുകളുമാണ് നിലവിലുള്ളത്. 2014ലും ഏതാണ്ട് ഇതേ എണ്ണത്തിലുള്ള സർക്കാർ മദ്യശാലകളായിരുന്നു ഉണ്ടായിരുന്നത്.
ബാർ സമയം കൂട്ടി
2026 ഫെബ്രുവരിയില്‍ ബാറുകളുടെ പ്രവർത്തനസമയം ഒരു മണിക്കൂർ വീതം നീട്ടി. രാവിലെ 11 മുതല്‍ രാത്രി 11 വരെയുണ്ടായിരുന്ന സമയക്രമം രാവിലെ 10 മുതല്‍ അർധരാത്രി 12 വരെ ആക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകള്‍ക്ക് നേരത്തെയും രാത്രി 12 വരെ പ്രവർത്തനാനുമതി ഉണ്ടായിരുന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ ബാറുകള്‍ക്കും ഒരേ സമയക്രമം ഏർപ്പെടുത്തിയതാണെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. എന്നാല്‍ പ്രവർത്തനസമയം കൂട്ടിയിട്ടും കാര്യമായ വരുമാന വർധനയുണ്ടായിട്ടില്ലെന്നാണ് ബാറുടമകളുടെ വാദം.
ബാധ്യതകളില്ലാത്ത ഒരു ബാറിന് പോലും പ്രതിദിനം ഒന്നര മുതല്‍ രണ്ട് ലക്ഷം രൂപയ്ക്കു മുകളില്‍ കച്ചവടം ലഭിച്ചാല്‍ മാത്രമേ പിടിച്ചുനില്‍ക്കാനാകൂവെന്നാണ് ഉടമകള്‍ പറയുന്നത്. ലൈസൻസ് ഫീസായി മാത്രം വർഷത്തില്‍ 37 ലക്ഷം രൂപ നല്‍കണം. സാധാരണ ബാറില്‍ ജീവനക്കാരുടെ ശമ്പളത്തിന് ശരാശരി ഏഴ് ലക്ഷത്തിലേറെ രൂപ പ്രതിമാസം ചെലവാകുമെന്നും ഉടമകള്‍ പറയുന്നു.
പ്രതിദിനം ശരാശരി മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെ കച്ചവടം ലഭിക്കണമെന്നാണ് അവരുടെ കണക്ക്. ഇതിന്റെ ഭാഗമായി അധിക വില്പന ലക്ഷ്യമിട്ട് ചില ബാറുകള്‍ അതിരാവിലെ തന്നെ തുറക്കുന്നതായും ആരോപണമുണ്ട്. ഇതിന് എക്സൈസ് ഉദ്യോഗസ്ഥരുമായി അവിശുദ്ധ ധാരണ ഉണ്ടാക്കുന്നതായും ആരോപണം ഉയരുന്നു.
അതേസമയം, നിയമം പാലിച്ച് പ്രവർത്തിക്കുന്ന ബാറുടമകള്‍ക്ക് എക്സൈസ് ഉദ്യോഗസ്ഥരുമായി ഇത്തരം ധാരണകളുടെ ആവശ്യമില്ലെന്നാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. കൈക്കൂലി നല്‍കേണ്ടെന്ന ശക്തമായ നിലപാടാണ് സംഘടനയ്ക്കുള്ളതെന്നും ഭാരവാഹികള്‍ അറിയിച്ചു.






