കോട്ടയം: പഞ്ചദിന ബാങ്കിംഗ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് യുഎഫ്ബിയുവിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ജില്ലാകേന്ദ്രങ്ങളില്‍ പ്രതിഷേധ ധർണകള്‍ നടത്തി.
ജീവനക്കാരുടെ അപര്യാപ്തതയും അപ്രാപ്യമായ ടാർജറ്റിന്റെയും ഫലമായി സംജാതമാകുന്ന ജോലി സമ്മർദ്ദത്തിന് പരിഹാരമായി ബാങ്ക് ജീവനക്കാരുടെ ഐക്യവേദിയായ യുഎഫ്ബിയുവും മാനേജ്മെന്റ് പരാതിനിധികളായ ഐബിഎയും ചേർന്ന് 2023 നവംബറില്‍ ധാരണയായി കേന്ദ്ര സർക്കാരിന് നല്കിയ പഞ്ചദിന ബാങ്കിംഗ് നടപ്പാക്കാത്തതിലാണ് പ്രതിഷേധം.
എസ്ബിഐ കോട്ടയം ടൗണ്‍ ബ്രാഞ്ചിന് മുൻപിലും വൈക്കത്ത് കത്തോലിക് സിറിയൻ ബാങ്കിന്റെ മുൻപിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കോട്ടയത്തെ പ്രതിഷേധ ധർണ്ണ എഐബിഇഎ കേന്ദ്ര കമ്മിറ്റി അംഗം സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
എഐബിഓസി ജില്ലാ സെക്രട്ടറി ശരത് ലാല്‍, എൻസിബി ഇയുടെ ജില്ലാ സെക്രട്ടറി അനൂപ് ജോസഫ്, ബേഫി ജില്ലാ ചെയർമാൻ യു. അഭിനന്ദ് തുടങ്ങിയവർ സംസാരിച്ചു. യുഎഫ്ബിയു ജില്ലാ കണ്‍വീനർ ജോർജി ഫിലിപ്പ്, അഖില്‍ ദിനേശ്, അനില്‍ ദേവസ്യ, കിരണ്‍ മോഹൻ, ശ്രീരാമൻ തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നല്കി.
വൈക്കത്ത് ധർണ എകെബിഇഎഫ് മുൻ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രമോദ്, രാജേഷ്, സൂരജ് പങ്കജ്, ജ്യോതി എം.എസ്, കെ.എം. മഞ്ജു എന്നിവർ നേതൃത്വം നല്കി.






