ഏറ്റുമാനൂർ : പുരാതനമായ ഏറ്റുമാനൂർ ചിറക്കുളം നവീകരണത്തിന് തുടക്കമാകുന്നു. നഗരത്തിലെ ചിറക്കുളവും പരിസരവും നവീകരിക്കുന്നതിന് ഒരു കോടി 15 ലക്ഷത്തിന്റെ പ്രോജക്ട് അന്തിമഘട്ടത്തിലാണ്. അതിനാവശ്യമായ ഡിപിആർ തയ്യാറാക്കുന്നതിനുള്ള പ്രോജക്ടിന് ഡിപിസി അംഗീകാരം ലഭ്യമായിട്ടുണ്ട്. ജലസസമൃദ്ധമായ ഏറ്റുമാനൂർ ചിറക്കുളം സംരക്ഷണം ഇല്ലാത്തതിനാൽ നഗരത്തിലെ മാലിന്യത്തൊട്ടിയായി മാറിയിരുന്നു.
പുതിയപദ്ധതിയിൽ ചിറക്കുളത്തിന് ചുറ്റുവട്ടം ഒരുപാർക്ക് നിർമിച്ച് പൊതുജനങ്ങൾക്ക് ഉല്ലസിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തും. കൂടാതെ ചിറക്കുളത്തിൽ പെഡസ്റ്റൽ ബോട്ട് ഉപയോഗിച്ച് ഉല്ലാസയാത്ര സൗകര്യങ്ങളും ഏർപ്പെടുത്തുമെന്ന് നഗരസഭാ ചെയർമാൻ ടോമി പുളിമാൻതുണ്ടം പറഞ്ഞു. കൂടാതെ അനുബന്ധമായി ഓപ്പൺ ജിം ഏർപ്പെടുത്തും.
ഏറ്റുമാനൂർ നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിനായി ഏറ്റുമാനൂർ ടൗണിൽ സൗന്ദര്യവത്കരണം നടത്തുന്നതാണ്. ടൗണിലെ അശാസ്ത്രിയമായ ഡിവൈഡറുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള പ്രോജക്ടുകൾ അന്തിമഘട്ടത്തിലാണ്. പുരാതനമായ ഏറ്റുമാനൂർ ചിറക്കുളത്തിന് ഏറ്റുമാനൂർ മഹാദേവക്ഷേത്രവുമായി ബന്ധമുണ്ട്. നേരത്തെ ഏറ്റുമാനൂരപ്പന്റെ ആറാട്ട് ചിറക്കുളത്തിലാണ് നടന്നിരുന്നതെന്ന് പഴമക്കാർ പറയുന്നു. പിന്നീടാണ് മീനച്ചിലാറ്റിലെ പേരൂർ പൂവത്തുമൂട്ടിലേക്ക് മാറ്റിയത്. സമീപപ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾക്ക് ചിറക്കുളത്തിന്റെ നിലനിൽപ്പ് അനിവാര്യമാണ്.






