പൊതുമേഖലാ ബാങ്കുകളിലെ പ്രബേഷനറി ഓഫിസർ/മാനേജ്മെന്റ് ട്രെയിനി, സ്പെഷലിസ്റ്റ് ഓഫിസർ (എസ്ഒ) തസ്തികയിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനേൽ സിലക്ഷൻ (ഐബിപിഎസ്) അപേക്ഷ ക്ഷണിച്ചു.
പ്രബേഷനറി ഓഫിസർ (പിഒ)/മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ 6,715 ഒഴിവും സ്പെഷലിസ്റ്റ് ഓഫിസർ (എസ്ഒ) തസ്തികകളിൽ 745 ഒഴിവുമാണുള്ളത്. ഒഴിവുകൾ വർധിച്ചേക്കാം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഓൺലൈൻ അപേക്ഷ ജൂലൈ 21 വരെ.
എഴുത്തുപരീക്ഷ, ഇന്റർവ്യൂ
പതിനൊന്ന് പൊതുമേഖലാ ബാങ്കുകളിലെ പിഒ, എസ്ഒ നിയമനങ്ങൾക്കായി ഐബിപിഎസ് നടത്തുന്ന 16–ാമത്തെ പൊതു എഴുത്തുപരീക്ഷയാണിത്. ഐബിപിഎസ് പരീക്ഷ എഴുതിയവരെ മാത്രമേ ഈ ബാങ്കുകളിലെ അടുത്ത സാമ്പത്തികവർഷത്തെ (2027–28) പിഒ/മാനേജ്മെന്റ് ട്രെയിനി, എസ്ഒ നിയമനങ്ങൾക്കു പരിഗണിക്കൂ.
പൊതുപരീക്ഷയിലെ സ്കോറിന്റെ അടിസ്ഥാനത്തിലാണു പ്രാഥമിക തിരഞ്ഞെടുപ്പ്. പിഒ നിയമനത്തിന് ഇന്റർവ്യൂ കൂടാതെ പഴ്സനാലിറ്റി ടെസ്റ്റും നടത്തും. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും.
പ്രബേഷനറി ഓഫിസർ
∙ശമ്പളം: 48,480–85,920
∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2026 ജൂലൈ 21 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും.
∙പ്രായം: 20–30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടൻമാർക്കു നിയമാനുസൃത ഇളവ്. 2026 ജൂലൈ 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
∙പരീക്ഷയും സിലബസും: പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടമായാണ് ഓൺലൈൻ പൊതു എഴുത്തുപരീക്ഷ. പ്രിലിമിനറി പരീക്ഷ ഓഗസ്റ്റ് 22, 23 തീയതികളിൽ നടത്തും. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്ടീവ് പരീക്ഷയിൽ ഇംഗ്ലിഷ് ലാംഗ്വേജ് (30 മാർക്ക്/30 ചോദ്യം),
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (30 മാർക്ക്/35 ചോദ്യം), റീസണിങ് എബിലിറ്റി (40 മാർക്ക്/35 ചോദ്യം) എന്നീ വിഷയങ്ങളിൽനിന്നു ചോദ്യങ്ങളുണ്ടാകും (ഓരോ വിഷയത്തിനും 20 മിനിറ്റ്, ആകെ 100 ചോദ്യം, 100 മാർക്ക്). നെഗറ്റീവ് മാർക്കുണ്ട്. മെയിൻ പരീക്ഷ ഒക്ടോബർ 4 നു നടത്തും.
റീസണിങ്, ജനറൽ/ഇക്കണോമി/ബാങ്കിങ് അവയർനെസ്/ഡിജിറ്റൽ/ഫിനാൻഷ്യൽ അവയർനെസ് (ആർബിഐ സർക്കുലർ ഉൾപ്പെടെ),
ഇംഗ്ലിഷ് ലാംഗ്വേജ്, ഡേറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നതാണു മെയിൻ പരീക്ഷ (ദൈർഘ്യം 160 മിനിറ്റ്, ആകെ 170 ചോദ്യം, 200 മാർക്ക്). മെയിൻ പരീക്ഷയ്ക്കൊപ്പം 25 മാർക്കിന്റെ ഡിസ്ക്രിപ്റ്റീവ് ടെസ്റ്റും നടത്തും.
∙പരീക്ഷാകേന്ദ്രങ്ങൾ: കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്ക് ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിലാണു കേന്ദ്രം.






