പാലാ : നഗരസഭയില്‍ ഇന്ന് നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുന്നോടിയായി യു.ഡി.എഫിലും, എല്‍.ഡി.എഫിലും തുടർചർച്ചകള്‍ നടന്നു.
ഇന്ന് രാവിലെ 11 നാണ് പ്രമേയം ചർച്ചയ്ക്കെടുക്കുന്നത്. യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാൻ യു.ഡി.എഫ് കൗണ്‍സിലർമാർക്ക് പാർട്ടി നേതൃത്വം വിപ്പ് നല്‍കിയിട്ടുണ്ട്. 26 അംഗ കൗണ്‍സില്‍ അംഗങ്ങളില്‍ 14 പേർ വോട്ട് ചെയ്തെങ്കിലേ അവിശ്വാസം പാസാകൂ. യോഗത്തില്‍ പങ്കെടുത്താല്‍ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി കോണ്‍ഗ്രസ് കൗണ്‍സിലർമാർ വോട്ട് ചെയ്യാൻ സാദ്ധ്യതയുണ്ടെന്ന സൂചനയെ തുടർന്നാണ് വിട്ടുനില്‍ക്കാൻ വിപ്പ് നല്‍കിയതെന്നാണ് സൂചന. അതേസമയം വിപ്പ് കൈപ്പറ്റിയാലും തങ്ങളുടെ മനസാക്ഷിക്കനുസരിച്ചേ നീക്കങ്ങള്‍ നടത്തൂവെന്നാണ് ചില കോണ്‍ഗ്രസ് കൗണ്‍സിലർമാരുടെ അഭിപ്രായം.
സ്വതന്ത്ര മുന്നണി കൂട്ടായ്മയിലെ അംഗമായ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ തങ്ങള്‍ ഒന്നടങ്കം നേരത്തെ തന്നെ അവിശ്വാസം രേഖപ്പെടുത്തിയിരുന്നുവെന്ന് കോണ്‍ഗ്രസിലെ ചില കൗണ്‍സിലർമാർ ചൂണ്ടിക്കാട്ടുന്നു. ജോസഫ് ഗ്രൂപ്പ് കൗണ്‍സിലർമാർക്കും കെ.ഡി.പി. കൗണ്‍സിലറിനും അതാത് പാർട്ടി നേതാക്കള്‍ വിപ്പ് നല്‍കിയിട്ടുണ്ട്.
വിപ്പ് ലംഘിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകില്ലെന്നും മറിച്ചായാല്‍ ശക്തമായ തുടർനടപടികള്‍ സ്വീകരിക്കുമെന്നും യു.ഡി.എഫ് നേതൃത്വം കൗണ്‍സിലർമാരെ അറിയിച്ചിട്ടുണ്ട്. അതേസമയം അവിശ്വാസ പ്രമേയം ഉറപ്പായും പാസാകുമെന്നാണ് പ്രതിപക്ഷ നേതാവ് ബിജു പാലുപടവില്‍ പറയുന്നത്. ഭരണകക്ഷിയംഗങ്ങള്‍ പോലും ചെയർപേഴ്സണെതിരെ നേരത്തെ തന്നെ അവിശ്വാസം രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ കാര്യമായ ചർച്ചകള്‍ക്ക് പോലും ഇടംകൊടുക്കാതെ അവിശ്വാസ പ്രമേയം പാസാകുമെന്നും അദ്ദേഹം പറഞ്ഞു.






