ബംഗളൂരു: ഗാന്ധിജിയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് നാടക സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ചു.
മൈസൂരുവില്‍ നിന്നുള്ള സംവിധായകൻ അഡന്ത സി കരിയപ്പയെയാണ് ഒരു കൂട്ടം പ്രതിഷേധക്കാർ തടഞ്ഞുവച്ച് മഷിയൊഴിച്ചത്.
ബംഗളൂരു ബനാശങ്കരിയിലെ സുചിത്ര ഫിലിം അക്കാഡമിയില്‍ ഇന്നലെ വൈകിട്ടാണ് പ്രതിഷേധം നടന്നത്.
അഡന്ത സി കരിയപ്പ സംവിധാനം ചെയ്ത 'ഗാന്ധി ഹത്യേയ സത്യ' (ഗാന്ധി വധത്തിന് പിന്നിലെ സത്യം) എന്ന നാടകത്തിനിടെയാണ് പ്രതിഷേധമുണ്ടായത്. ഗാന്ധിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധക്കാർ വേദിയിലേയ്ക്ക് കയറി വരികയായിരുന്നു.
ഗാന്ധിയെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് കരിയപ്പ പ്രചരിപ്പിക്കുന്നതെന്ന് ഇവർ ആരോപിച്ചു. ഗാന്ധിയെ ദേശവിരുദ്ധനും മുസ്ളീങ്ങളുടെ അടിമയായും ചിത്രീകരിക്കാൻ ശ്രമിക്കുന്നു. ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയെ നായകനായി ഉയർത്തിക്കാട്ടുന്നു. രാജ്യവിഭജനത്തിന് കാരണം ഗാന്ധിയും കോണ്‍ഗ്രസുമാണെന്ന് നാടകത്തില്‍ പരാമർശിക്കുന്നുവെന്നും പരാതിക്കാർ ആരോപിച്ചു. നാടകം നടക്കുന്നതിനിടെ കാണികളില്‍ ചിലർ ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോള്‍ സംവിധായകൻ ഇവർക്കെതിരെ മോശം ഭാഷ പ്രയോഗിച്ചെന്നും പരാതിയുണ്ട്.
സംഭവത്തില്‍ കരിയപ്പക്കെതിരെ കോണ്‍ഗ്രസ് പരാതി നല്കി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കർണാടകയില്‍ ബിജെപിയുടെ ഭരണകാലത്ത് രംഗായന നാടകവേദിയുടെ ഡയറക്ടറായി കരിയപ്പയെ നിയമിച്ചിട്ടുണ്ട്. ഇതിനുമുൻപും പല വിവാദങ്ങളിലും അദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്.






