കുഞ്ഞുങ്ങളുടെ ചർമത്തിന് പ്രത്യേക പരിചരണം ആവശ്യമാണ് കാരണം ചർമം മുതിർന്നവരുടേതിനേക്കാൾ വളരെ മൃദുവും സെൻസിറ്റീവുമാണ്.
പല മാതാപിതാക്കളും കുഞ്ഞുങ്ങൾക്ക് മോയ്സ്ചറൈസറോ ബേബി ഓയിലോ ഉപയോഗിക്കേണ്ടതുണ്ടോ, ഏത് ഉൽപ്പന്നമാണ് തിരഞ്ഞെടുക്കേണ്ടത് എന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലാകാറുണ്ട്.
പ്രത്യേകിച്ച് മഴക്കാലത്തും ശൈത്യകാലത്തും കുഞ്ഞുങ്ങളുടെ ചർമം വരണ്ടുപോകാനും ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകാനും സാധ്യത കൂടുതലാണ്.
വിദഗ്ധരുടെ അഭിപ്രായത്തിൽ, കുഞ്ഞിന്റെ ചർമം വരണ്ടതാണെങ്കിൽ പ്രായത്തിന് അനുയോജ്യമായ മൃദുവായ മോയ്സ്ചറൈസറുകൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
കുളിക്ക് ശേഷം ചർമത്തിലെ ഈർപ്പം നിലനിർത്താനും ചർമത്തെ മൃദുവാക്കാനും മോയ്സ്ചറൈസറുകൾ സഹായിക്കുന്നു. അതുപോലെ ബേബി ഓയിലുകൾ ഉപയോഗിക്കുന്നത് ചർമത്തിന് ഒരു സംരക്ഷണ പാളി നൽകാനും മസാജിലൂടെ കുഞ്ഞിന് ആശ്വാസം ലഭിക്കാനും സഹായിക്കും.
മോയ്സ്ചറൈസർ ഉപയോഗിക്കാതിരുന്നാൽ ചർമം വരണ്ടുപോകാം, ചൊറിച്ചില് ഉണ്ടാകാം, സെൻസിറ്റീവ് സ്കിൻ ഉള്ള കുഞ്ഞുങ്ങൾക്ക് അസ്വസ്ഥത വർധിക്കാം.
ചിലപ്പോൾ ചർമത്തിലെ സ്വാഭാവിക സംരക്ഷണ പാളി ദുർബലമാകാം. അതുകൊണ്ട് തന്നെ ഡോക്ടറുടെ നിർദേശപ്രകാരമുള്ള മോയ്സ്ചറൈസർ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം.
ഫ്രാഗ്രൻസ് കുറഞ്ഞതോ ഇല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ ആവാം. കുഞ്ഞുങ്ങൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഉൽപ്പന്നങ്ങൾ വേണം, കൂടാതെ ശിശുരോഗ വിദഗ്ധരുടെയോ ഡെർമറ്റോളജിസ്റ്റുകളുടെയോ നിർദേശമുള്ള ഉൽപ്പന്നങ്ങൾ മാത്രം വാങ്ങണം.
കുഞ്ഞുങ്ങൾക്ക് ബേബി ഓയിൽ ഉപയോഗിക്കുന്നതിലൂടെ ലഭിക്കാവുന്ന ഗുണങ്ങൾ
∙ചർമം മൃദുവാക്കാൻ സഹായിക്കും – കുഞ്ഞിന്റെ ത്വക്ക് വരണ്ടുപോകുന്നത് കുറയ്ക്കാം.
∙മസാജിന് നല്ലതാണ് – സാവധാനത്തിലുള്ള മസാജ് കുഞ്ഞിന് ആശ്വാസവും നല്ല ഉറക്കവും നൽകാൻ സഹായിക്കും.
∙കുളിച്ച ശേഷം ഓയിൽ പുരട്ടുന്നത് ത്വക്കിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.






