തൃശൂർ: മണ്ണുത്തിയിൽ ഗൃഹനാഥനെ മർദിച്ച് ബന്ദിയാക്കി 47 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയും കവർച്ചയുടെ സൂത്രധാരനുമായ രാജസ്ഥാൻ സ്വദേശി സൂരജ് പവാർ പൊലീസിന്റെ പിടിയിലായി. കവർന്ന സ്വർണാഭരണങ്ങളിൽ 26 പവനും പണവും പ്രതിയിൽ നിന്ന് കണ്ടെടുത്തു.
രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിലെ മാന്ദ്ഫിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് തൃശൂർ സിറ്റി ഷാഡോ പൊലീസും മണ്ണുത്തി പൊലീസും ചേർന്ന് സൂരജ് പവാറിനെ അറസ്റ്റ് ചെയ്തത്. 'തിരുട്ട്' ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ രണ്ട് ദിവസം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് സാഹസികമായി പിടികൂടിയത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ മോഷണ-കവർച്ച കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ട്രക്കുകളിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് സഞ്ചരിച്ച് ഹൈവേയ്ക്കു സമീപത്തെ വീടുകൾ ലക്ഷ്യമിട്ടായിരുന്നു സംഘത്തിന്റെ കവർച്ച. വീടുകളുടെ പൂട്ട് തകർത്ത് അകത്ത് കയറുകയും എതിർക്കുന്നവരെ ആക്രമിക്കുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേസിലെ രണ്ടും മൂന്നും പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെന്നും സൂരജ് പവാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.






