കോഴിക്കോട്: ഈങ്ങാപ്പുഴ എംജിഎം ഹയർ സെക്കൻഡറി സ്കൂളില്‍ അഞ്ചാം ക്ലാസുകാരിയെ മർദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരേ പൊലീസ് കേസെടുത്തു.
സ്കൂളിലെ അറബിക് അധ്യാപകനായ മുബഷിറിനെതിരേയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. നവംബർ ആറിനായിരുന്നു സംഭവം.ക്ലാസില്‍നിന്ന് പുറത്തിറക്കി മറ്റുകുട്ടികളുടെ മുന്നില്‍വെച്ച് പത്തുവയസ്സുകാരിയെ ചൂരല്‍ കൊണ്ട് തല്ലിച്ചതച്ചെന്നാണ് പരാതി. വേദനകൊണ്ട് പുളഞ്ഞ വിദ്യാർഥിനി വസ്ത്രത്തില്‍ മൂത്രമൊഴിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. സ്കൂളിലെ മൈതാനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കിടയില്‍ തർക്കമുണ്ടായിരുന്നു.
ഈ തർക്കവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരേ വിദ്യാർഥിനി പരാമർശം നടത്തിയെന്ന് പറഞ്ഞാണ് തല്ലിച്ചതച്ചതെന്നും പരാതിയിലുണ്ട്.സംഭവത്തിന് പിന്നാലെ മകള്‍ കടുത്ത മാനസികസമ്മർദത്തിലാണെന്ന് പത്തുവയസ്സുകാരിയുടെ പിതാവ് പറഞ്ഞു. പരാതി നല്‍കിയിട്ടും സ്കൂള്‍ മാനേജ്മെന്റ് അധ്യാപകനെ സംരക്ഷിക്കുകയാണെന്നും അറസ്റ്റ് ചെയ്യാതെ പൊലീസും പരാതിയില്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിന് ശേഷം കുട്ടിക്ക് കൗണ്‍സിലിങ് ഉള്‍പ്പെടെ നല്കി. അപമാനം ഭയന്ന് കുട്ടി ക്ലാസില്‍ പോകുന്നില്ല.
അതിനിടെ രാഷ്ട്രീയമായി സ്വാധീനമുള്ള അധ്യാപകൻ പലവഴിക്കും ഒത്തുതീർപ്പിന് ശ്രമിക്കുകയാണ്. സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. മകള്‍ക്ക് നീതി ഉറപ്പാക്കാനായി ബാലവകാശ കമ്മീഷനടക്കം പരാതി നല്‍കിയതായും പിതാവ് പറഞ്ഞു.






