ഡൽഹി:ഭൂമിക്ക് താല്‍ക്കാലികമായി രണ്ടാമതൊരു ചന്ദ്രൻ കൂടി! 2026 QQ8 എന്ന് പേരിട്ടിരിക്കുന്ന ചെറിയ ഛിന്നഗ്രഹമാണ് ഭൂമിയുടെ ഗുരുത്വാകർഷണത്തില്‍ അകപ്പെട്ട് മാസങ്ങളായി ഗ്രഹത്തെ ചുറ്റുന്നത്.
ഏകദേശം 3 മുതല്‍ 6 അടി വരെ (1-2 മീറ്റർ) മാത്രം വലിപ്പമുള്ള ഈ ആകാശവസ്തുവിനെ 2026 ഏപ്രിലിലാണ് ഭൂമിയുടെ ഗുരുത്വാകർഷണം താല്‍ക്കാലികമായി പിടിച്ചെടുത്തതെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ഹംഗേറിയൻ ജ്യോതിശാസ്ത്രജ്ഞനായ ക്രിസ്റ്റ്യൻ സാർനെക്കിയാണ് ഓഗസ്റ്റ് 20ന് ഇത് കണ്ടെത്തിയത്. ഒക്ടോബർ 29ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്റെ മൈനർ പ്ലാനറ്റ് സെന്റർ കണ്ടെത്തല്‍ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തു.
എന്നാല്‍ ഭൂമിയുടെ സ്ഥിരം ഉപഗ്രഹമായ ചന്ദ്രനെപ്പോലെയല്ല ഈ കുഞ്ഞൻ അതിഥി. ഭൂമിയില്‍നിന്ന് ഏകദേശം 5.68 ലക്ഷം കിലോമീറ്റർ അകലെയാണ് ഇതിന്റെ ഏറ്റവും അടുത്ത സഞ്ചാരപാത. ഭൂമിക്കും ചന്ദ്രനുമിടയിലെ ശരാശരി ദൂരത്തിന്റെ ഒന്നരയിരട്ടിയോളം വരുമിത്. സാധാരണ ദൂരദർശിനികളിലൂടെ പോലും കാണാൻ കഴിയാത്തത്ര ചെറുതും മങ്ങിയതുമാണ് ഛിന്നഗ്രഹം. ഭൂമിക്ക് യാതൊരു ഭീഷണിയും ഉയർത്തുന്നില്ലെന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചാല്‍ കത്തിയമരാനാണ് സാധ്യതയെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
2026 ഡിസംബർ വരെ ഭൂമിയുടെ ഗുരുത്വാകർഷണ പരിധിയില്‍ തുടരുന്ന ഛിന്നഗ്രഹം 2027 ജനുവരിയോടെ ഭൂമിയുടെ പിടിവിട്ട് വീണ്ടും സൂര്യനെ ചുറ്റുന്ന യാത്ര തുടരുമെന്നാണ് പ്രതീക്ഷ. ശരിയായ വേഗത്തിലും ദിശയിലും ഭൂമിക്കരികിലെത്തുന്ന ചെറിയ ഛിന്നഗ്രഹങ്ങളെ നമ്മുടെ ഗുരുത്വാകർഷണത്തിന് താല്‍ക്കാലികമായി പിടിച്ചുനിർത്താൻ കഴിയും. ഇത്തരം ‘മിനി മൂണുകള്‍’ ഭൂമിക്ക് ചുറ്റും ഇടയ്ക്കിടെ ഉണ്ടാകാമെന്നും അവയുടെ ചെറിയ വലിപ്പം കാരണം പലതും കണ്ടെത്തപ്പെടാതെ പോകുന്നുണ്ടാകാമെന്നും ഗവേഷകർ വിലയിരുത്തുന്നു.






