തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബർ 12ന് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ.
നവംബർ 11ന് അർധരാത്രി ആരംഭിക്കുന്ന പണിമുടക്ക് 12ന് അർധരാത്രി വരെ തുടരും. നിരക്ക് വർധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങുന്നത്.ഓട്ടോ ടാക്സി മിനിമം നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാണ് തൊഴിലാളി യൂണിയന്റെ പ്രധാന ആവശ്യം. ഇന്ധനവിലയിലും ഇൻഷുറൻസ് പ്രീമിയത്തിലും ഉള്‍പ്പെടെ തുടർച്ചയായി വർധനയുണ്ടായിട്ടും യാത്രാനിരക്കില്‍ ആവശ്യമായ മാറ്റം വരുത്തിയിട്ടില്ലെന്നാണ് തൊഴിലാളികളുടെ പരാതി.കഴിഞ്ഞ നാലര വർഷത്തിനിടെ 16 തവണയാണ് ഇന്ധനവില വർധിച്ചതെന്ന് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയവും മറ്റ് ചെലവുകളും ഉയർന്നിട്ടുണ്ട്.
എന്നാല്‍ നിലവിലെ വരുമാനം കൊണ്ട് കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് തൊഴിലാളികള്‍ നേരിടുന്നതെന്നും യൂണിയൻ വ്യക്തമാക്കി.നിരക്ക് വർധന ആവശ്യപ്പെട്ട് 2026 ഫെബ്രുവരിയില്‍ അന്നത്തെ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ചർച്ച നടത്താൻ പോലും മന്ത്രി തയ്യാറായിട്ടില്ലെന്നാണ് തൊഴിലാളി യൂണിയന്റെ ആരോപണം. നേരത്തെയും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഓട്ടോ ടാക്സികളുടെ മിനിമം നിരക്ക് 50 രൂപയാണെന്നും കേരളത്തിലും സമാനമായ നിരക്ക് വർധന നടപ്പാക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. നവംബർ 12ലെ പണിമുടക്ക് സൂചനാ സമരമാണെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്.






