പാലക്കാട് : അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനേയും കൊലപ്പെടുത്തി പുഴയിൽ എറിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പശ്ചിമബംഗാൾ സ്വദേശിയായ പ്രതിയും കൊല്ലപ്പെട്ട യുവതിയും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന വിവരമാണ് പുറത്തു വരുന്നത്. അട്ടപ്പാടിയിലെത്തിയ പ്രതിയും യുവതിയും ദമ്പതികളെന്ന വ്യാജേനയാണ് തോട്ടത്തിൽ താമസിച്ചത്.
അതേസമയം ചോദ്യം ചെയ്യലിൽ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് പ്രതി ഇതുവരെ പറഞ്ഞിട്ടില്ല. പ്രൊണിത രാജ് എന്ന മുപ്പതുകാരിയായ യുവതിയും അവരുടെ നാല് വയസുള്ള കുഞ്ഞുമാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഇവരുടെ മൃതദേഹഭാഗങ്ങൾ ചാക്കിലാക്കി പുഴയുടെ തീരത്ത് എറിയുകയാണ് ചെയ്തത്. പ്രതിയായ പ്രോവത് ദാസും യുവതിയും പശ്ചിമബംഗാളിലെ അലിപൂർദ്വാർ എന്ന ഗ്രാമത്തിൽ നിന്നുള്ളവരാണെന്നാണ് പ്രതി തന്നെ സമ്മതിച്ചിരിക്കുന്നത്. എന്നാൽ ഇത് തന്റെ ഭാര്യയല്ലെന്നും തന്റെ കുഞ്ഞല്ലെന്നും ഇന്നലെ തന്നെ പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു.
യുവതിക്ക് പശ്ചിമബംഗാളിൽ ഭര്‍ത്താവും കുടുംബവുമുണ്ട്. നാട്ടിലും തോട്ടം തൊഴിലാണ് ഇവര്‍ ചെയ്തുകൊണ്ടിരുന്നത്. പെട്ടന്നൊരു ദിവസം ഭര്‍ത്താവിനോടും കുടുംബത്തോടും ജോലി അന്വേഷിച്ച് മറ്റൊരിടത്തേക്ക് പോകുകയാണെന്ന് പറഞ്ഞാണ് നാട്ടിൽ നിന്ന് പോയത്. പ്രൊവത് ദാസിനൊപ്പം പോകുകയാണെന്ന് പറഞ്ഞില്ല. നാലുവയസുള്ള കുഞ്ഞുമായിട്ടാണ് യുവതി പോയത്.
ഒരു മാസം മുൻപാണ് ഇവർ അട്ടപ്പാടിയിലെത്തുന്നത്. ഇവിടെ തോട്ടം തൊഴിലാളിയായി ദമ്പതികളെപോലെ ജീവിച്ചു വരികയായിരുന്നു. ഭാര്യയും കുഞ്ഞുമാണെന്നാണ് പ്രൊവത് ദാസ് പ്രദേശവാസികളോട് പറഞ്ഞിരുന്നത്. തുടര്‍ന്നാണ് കഴിഞ്ഞ ബുധനാഴ്ച യുവതിയെയും കുഞ്ഞിനെയും കാണാതാകുന്നത്. തുടര്‍ന്ന് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ കാണാതായ യുവതിയും കുഞ്ഞുമാണ് കൊല്ലപ്പെട്ടതെന്നും കൂടെയുണ്ടായിരുന്ന ഇയാളെ കാണാനില്ലെന്നും വ്യക്തമായി. കൊലപാതകത്തിന് ശേഷം പ്രൊവത് ദാസ് പശ്ചിമബംഗാളിലേക്ക് കടന്നു. ഇയാളുടെ വീട്ടിൽ നിന്നാണ് കേരള പൊലീസ് പ്രൊവത് ദാസിനെ പിടികൂടുന്നത്. പ്രതിയെ നിലവിൽ ചോദ്യം ചെയ്തു വരികയാണ്.






