തിരുവനന്തപുരം: ഏഷ്യൻ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരം വിദർശയ്ക്ക് കേരളത്തില്‍ തന്നെ ജോലി നല്‍കുമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങള്‍ക്ക് കായിക വകുപ്പില്‍ തന്നെ ജോലി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കായികതാരങ്ങളുടെ ആത്മവിശ്വാസവും സ്പോർട്സ്മാൻ സ്പിരിറ്റും ഉള്‍ക്കൊണ്ട് കായിക വകുപ്പ് പ്രവർത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു. കായികരംഗത്തെ പ്രവർത്തനങ്ങളില്‍ കൂടുതല്‍ വേഗതയും കൃത്യതയും ഉറപ്പാക്കുമെന്നും തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ കാലതാമസം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മെഡല്‍ ജേതാക്കള്‍ക്കുള്ള സാമ്പത്തിക പാരിതോഷികം നല്‍കുന്നതിനുള്ള ഫയല്‍ നടപടികള്‍ പൂർത്തിയായതായും മന്ത്രി അറിയിച്ചു. 13ന് ജി.വി. രാജയുടെ ജന്മദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ താരങ്ങള്‍ക്ക് പാരിതോഷികം വിതരണം ചെയ്യും. പ്രഖ്യാപിക്കുന്ന പദ്ധതികളും ആനുകൂല്യങ്ങളും വൈകാതെ നടപ്പാക്കുക എന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു.






