കൊച്ചി: കൊച്ചിയില്‍ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി.
തെളിവെടുപ്പ് പൂർത്തിയാക്കി പുറത്തേക്ക് ഇറക്കിയതിനിടെ എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടാണ് അർജുൻ ആയങ്കിയുടെ പരിഹാസം.
ഇതൊരു നിസ്സാര ഫേസ്ബുക്ക് കേസാണെന്നും എല്ലാ കേസും വരട്ടെ, നേരിടാമെന്നും അർജുൻ ആയങ്കി പറഞ്ഞു. തെളിവെടുപ്പിനിടെ എന്തെങ്കിലും കിട്ടിയോ എന്ന മാധ്യമങ്ങളുടെ തുടർ ചോദ്യത്തിന് എന്ത് കിട്ടാനാണെന്നും ഇത് നായയെ കൊന്ന കേസല്ലേ എന്നും അർജുൻ ആയങ്കി പരിഹസിച്ചു.
കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ അർജുൻ ആയങ്കിയെ എത്തിച്ചാണ് കോതമംഗലം പൊലീസ് തെളിവെടുപ്പ് നടത്തിയത്. പ്രതി ഈ ഫ്ലാറ്റിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഒളിവില്‍ കഴിഞ്ഞതെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഇവിടെ ആയങ്കിയെ സഹായിച്ച ഇസ്മൈല്‍, സൗദ് എന്നീ സുഹൃത്തുക്കളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും താമസിച്ച ഈ ഫ്ലാറ്റിലാണ് ആയങ്കിയും താമസിച്ചിരുന്നത്. ഇവിടെ നിന്നടക്കം അർജുൻ ആയങ്കി സമൂഹമാധ്യമങ്ങളില്‍ വെല്ലുവിളി പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.






