കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ അര്ജുന് ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ മൊബൈല്‍ ഫോണ്‍ അടക്കം നിർണായക തെളിവുകള്‍ സൈബർ സംഘം പരിശോധിച്ചിരുന്നു.
എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസില്‍ അർജുനെ കസ്റ്റഡിയില്‍ വാങ്ങാൻ ഒരുങ്ങുകയാണ് പൊലീസ്. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്നതിനാലാണ് അര്ജുന് ആയങ്കിയെ വീണ്ടും തലശ്ശേരി കോടതിയില്‍ ഹാജരാക്കുന്നത്.
കഴിഞ്ഞ ദിവസം അര്ജുന് ഒളിവില്‍ കഴിഞ്ഞ തളിപ്പറമ്പിലും പയ്യന്നൂരിലും പോലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. അര്‍ജുന്റെ മൊബൈല്‍ ഫോണുള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അർജുൻ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചിരുന്നു. ആഭ്യന്തരമന്ത്രിക്ക് എതിരെ പോസ്റ്റിടാൻ ഉപയോഗിച്ച് എന്ന് കരുതുന്ന ഫോണാണ് കണ്ടെത്തിയത്. അഭിഭാഷകയുടെ അപ്പാർട്ട്മെന്റിനു സമീപത്തെ ഷൂറാക്കിനുള്ളില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ ലഭിച്ചത്. പൊലീസുദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രിയേയും വെല്ലു വിളിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത് താന്‍ തന്നെയെന്ന് അര്ജുന് ആയങ്കി മൊഴി നല്‍കിയിരുന്നു. ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ നിന്നുള്ള വൈ ഫൈ കണക്ഷനാണ് ഇതിന് ഉപയോഗിച്ചതെന്നും മൊഴിയിലുണ്ട്.
സമൂഹ മാധ്യമത്തിലൂടെ ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ അർജുൻ ആയങ്കിയെ കണ്ണൂർ സൈബർ എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. ആഭ്യന്തരമന്ത്രിയെയും പോലീസ് ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ച് എഫ് ബി പോസ്റ്റിട്ടത് താൻ തന്നെയാണെന്ന് അർജുൻ ആയെങ്കി അന്വേഷണ സംഘത്തോട് പറഞ്ഞു. ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലെയും സുഹൃത്തുക്കളുടെ മൊബൈല്‍ ഫോണിലെയും വൈ ഫൈ സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. തന്റെ എഫ് ബി അക്കൗണ്ട് മറ്റാരും കൈകാര്യം ചെയ്തിട്ടില്ല. തന്റെ ഐഫോണില്‍ നിന്നാണ് എഫ് ബി അക്കൗണ്ട് ഉപയോഗിച്ചതെനന്നും അർജുൻ മൊഴി നല്കി.






