കണ്ണൂര്‍ : അര്ജുന് ആയങ്കിക്കെതിരെ കാപ്പാ കേസ് ചുമത്തി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച പ്രത്യേക ശുപാര്‍ശ ജില്ലാ കളക്ടര്‍ അംഗീകരിച്ചതിന് ശേഷമാണ് കാപ്പാ കേസ് ചുമത്തിയത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി ജാമ്യം ലഭിച്ചാല്‍ തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യത ഉള്ളതിനാലാണ് നടപടി.
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഒൻപത് ക്രമിനിൽ കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി. കുറ്റവാളിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം, ഏതുതരം കുറ്റകൃത്യം, എത്ര കേസുകളിൽ പ്രതിയാണ്, ലഭിക്കാവുന്ന ശിക്ഷയുടെ കാഠിന്യം തുടങ്ങിയവയൊക്കെ പരിശോധിച്ച ശേഷമാണ് കാപ്പ ചുമത്തിയത്.
ഉത്തരവ് ഉടൻ നടപ്പിൽവരുത്തി ഇയാളെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് മുമ്പാകെ ഹാജരാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സിറ്റി പോലിസ് കമ്മീഷണർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.
അര്ജുന് ആയങ്കിക്കെതിരെ കാപ്പാ ചുമത്തണമെന്ന് ആവശ്യമുണ്ടായിരുന്നു. ഇയാള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരും ഇതിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആഭ്യന്തര മന്ത്രിയെയും പൊലീസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയ കേസുകള്‍ക്ക് പുറമെ സ്വര്‍ണ്ണം പൊട്ടിക്കല്‍, സ്വര്‍ണ്ണം കടത്തല്‍, തുടങ്ങിയ കേസുകളും അര്ജുന് ആയങ്കിക്കെതിരെയുണ്ട്.






