തിരുവനന്തപുരം: നെടുമ്പാശേരിയില് നാടിനെ നടുക്കിയ വാഹനാപകടത്തില് പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
സംഭവത്തില് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയില് അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നെടുമ്പാശേരിയില് ഉണ്ടായത് അതീവ ദുഃഖകരമായ സംഭവമാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. പ്രതി അമിത വേഗതയിലാണ് വാഹനം ഓടിച്ചിരുന്നത്. സംഭവദിവസം തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയില് എടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ടായിരുന്നു. പ്രതിയുടെ ലൈസൻസ് റദ്ദാക്കാൻ പൊലീസ് രേഖാമൂലം മോട്ടോർ വാഹനവകുപ്പിന് അപേക്ഷ നല്കിയിട്ടുണ്ട്. മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകള് കൂടി ചേർത്താണ് കോടതിയില് റിപ്പോർട്ട് സമർപ്പിച്ചത്. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ജയില് ചട്ടപ്രകാരം 18 മുതല് 21 വയസ് വരെ പ്രായമുള്ളവരെ ബോർസ്റ്റല് സ്കൂളിലാണ് അടക്കേണ്ടത് എന്നതിനാലാണ് 4 പ്രതികളെയും കോടതി ബോർസ്റ്റല് സ്കൂളിലേക്ക് അയച്ചത്. വേണമെങ്കില് ബോർസ്റ്റല് സ്കൂളില് നിന്ന് മാറ്റുന്നതാണെന്നും ആഭ്യന്തരമന്ത്രി സഭയെ അറിയിച്ചു.
പ്രതികള്ക്ക് ശിക്ഷ ഉറപ്പാക്കാൻ ഐ.ജി നിശാന്തിനിയെ പ്രത്യേകം നിയോഗിച്ചിട്ടുണ്ടെന്നും ശക്തമായ നടപടികള് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പല കോണുകളില് നിന്നും അഭ്യൂഹങ്ങള് പ്രചരിക്കുന്നുണ്ടെങ്കിലും മെഡിക്കല് പരിശോധനയില് വീഴ്ച പറ്റിയിട്ടില്ലെന്നും പ്രതി മദ്യപിച്ചിരുന്നു എന്നതിനുള്ള സർട്ടിഫിക്കറ്റുകള് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാല് പുലർച്ചെ 1:30നാണ് സംഭവം നടന്നതെങ്കിലും മൂന്ന് മണിക്കൂറിനു ശേഷമാണ് ജനറല് ഡയറി (ജിഡി) എൻട്രി ഇട്ടതെന്നും പിന്നീട് മാത്രമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും സബ്മിഷൻ അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ലഹരിയില് നില്ക്കുന്ന പ്രതിയെ ഉടൻതന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കേണ്ടിയിരുന്നെങ്കിലും അത് വൈകിയെന്നും കൃത്യമായ വൈദ്യപരിശോധന നടന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിന്റെ ഗൗരവത്തിന് അനുസരിച്ചല്ല നടപടികള് ഉണ്ടായത്. എഫ്ഐആറില് പേര് ചേർക്കാൻ പൊലീസ് മടിച്ചെന്നും അദ്ദേഹം ആരോപിച്ചു. പ്രായപൂർത്തിയാകാത്ത ആള്ക്ക് മദ്യം നല്കിയതിന് മൂന്ന് ബാറുകള്ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും പ്രതി മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്താൻ കൃത്യമായ വൈദ്യപരിശോധന വേണമായിരുന്നുവെന്നും അതുണ്ടായില്ലെന്നുമാണ് പ്രധാന ആക്ഷേപം. കുട്ടിയെ ബോർസ്റ്റല് സ്കൂളിലേക്കാണ് മാറ്റിയതെങ്കിലും ഇത്തരം കുറ്റവാളികളെ ബോർസ്റ്റല് സ്കൂളിലേക്കാണോ ജുവനൈല് ഹോമുകളിലേക്കാണോ മാറ്റേണ്ടത് എന്നതില് പുനർചിന്തനം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.






