കോഴിക്കോട്: അപ്പോളോ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
മൂസ ഹാജിയും സംഘവും അപ്പോളോ ഗോള്ഡിന് പുറമേ അപ്പോളോ ഗ്രൂപ്പിന് പങ്കാളിത്തമുള്ള മറ്റ് സ്ഥാപനങ്ങളുടെ പേരിലും നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍.
ജ്വല്ലറിയിലെ നിക്ഷേപത്തുക ഉപയോഗിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തിയിരുന്നു. പ്രതികളുടെ പേരിലുള്ള റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു.
എന്നാല്‍ തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിന്റെ വലിയൊരു ഭാഗം വിദേശത്തേക്ക് കടത്തിയതായാണ് ഇഡിയുടെ കണ്ടെത്തല്‍. 23 കോടിയിലധികം രൂപ വിദേശത്തേക്ക് കടത്തിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
ഇതിന് ആനുപാതികമായി വളരെ കുറച്ച് സ്വത്തുക്കള്‍ മാത്രമാണ് ഇഡിക്ക് കണ്ടുകെട്ടാനായത്. കണ്ടുകെട്ടിയ സ്വത്തുക്കളുടെ മൂല്യത്തിന്റെ ഇരട്ടിയിലേറെ തുക വിദേശത്തേക്ക് കടത്തിയതായും റിപ്പോർട്ടുകളുണ്ട്.
തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള ഹോട്ടല്‍ ഡിമോറയിലും അപ്പോളോ ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് അപ്പോളോ ഗ്രൂപ്പ് വഴി കോടിക്കണക്കിന് രൂപ നിക്ഷേപിച്ചവരുണ്ട്. അപ്പോളോ ഗ്രൂപ്പ് ചെയർമാൻ മൂസ ഹാജി മുഖേനയാണ് പലരും പണം നിക്ഷേപിച്ചത്.
സ്വർണ നിക്ഷേപ തട്ടിപ്പ് പുറത്തുവന്നതോടെ തങ്ങളുടെ പണം എങ്ങനെ തിരിച്ചുപിടിക്കുമെന്നറിയാതെ ആശങ്കയിലാണ് നിക്ഷേപകർ.






