കൊച്ചി: മാധ്യമപ്രവർത്തക അപർണ കുറുപ്പ് പ്രതിയായ വിദ്വേഷ പ്രചാരണ കേസിൽ അന്വേഷണം ആരംഭിച്ച് കൊച്ചി സൈബർ പൊലീസ്. കേസിൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി വിവര ശേഖരണം, അപർണയുടെ മൊഴി രേഖപ്പെടുത്തൽ തുടങ്ങിയ നടപടികൾ ആരംഭിച്ചു.
പൊലീസിന്റെ നടപടികളും ഉയർന്ന പ്രതിഷേധങ്ങളും സൈബർ ആക്രമണം നേരിട്ടെന്ന അപർണയുടെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കൊച്ചി സൈബർ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും വിവിധ വകുപ്പുകൾ ചുമത്തി നേരത്തെ കേസെടുത്തിരുന്നു.
എന്നാൽ ഇതിനെതിരെ വിവിധ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അബ്ദുല്ല ബാസിലിനെതിരായ കേസ് പിൻവലിക്കണമെന്നും വിദ്വേഷ പരാമർശം നടത്തിയ അവതാരകക്കെതിരെ കേസെടുക്കണമെന്നും ഈ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
ഈ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെയാണ് കാസർഗോഡ് സ്വദേശിയുടെ പരാതിയിൽ അവതാരകക്കെതിരെയും കൊച്ചി സിറ്റി സൈബർ പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.






