കൊച്ചി: നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി സുഹൈല്‍ സജീവ് ബോസ്റ്റല്‍ സ്കൂളില്‍ തുടരും. പ്രതിക്ക് സുരക്ഷാഭീഷണിയുണ്ടെന്നും ജയിലിലേക്ക് മാറ്റണമെന്ന് കാണിച്ച് സൂപ്രണ്ട് സമര്‍പ്പിച്ച ഹര്‍ജി അങ്കമാലികോടതി തള്ളിയിരുന്നു.
നേരത്തേ അമിതവേഗതയില്‍ കാറോടിച്ച് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിന് പിന്നാലെ സുഹൈലിനെ ബോസ്റ്റല്‍ സ്കൂളിലേക്കാണ് അയച്ചത്.
പ്രതിയുടെ ജീവന് ഭീഷണിയുണ്ടെന്നും സഹതടവുകാര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും കാണിച്ചായിരുന്നു സൂപ്രണ്ട് അങ്കമാലി കോടതിയെ സമീപിച്ചത്. എന്നാല്‍ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കിയിട്ടില്ല എന്ന് കാണിച്ച് അപേക്ഷ തള്ളുകയായിരുന്നു. ഇനി ജില്ലാേകാടതിയില് പോകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കേസിലെ നാലു പ്രതികളുടെയും ജാമ്യാപേക്ഷ നേരത്തേ അങ്കമാലി കോടതി തള്ളിയിരുന്നു. നേരത്തേ പ്രതിയെ ബോസ്റ്റല്‍ സ്കൂളിലേക്ക് മാറ്റിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് മാറ്റുന്നതെന്നായിരുന്നു പോലീസ് നല്കിയ വിശദീകരണം.
സംഭവത്തില്‍ കൊല്ലപ്പെട്ട വയനാട് സ്വദേശി ദേവികയുടെ വീട്ടില്‍ അന്വേഷണസംഘം മൊഴിയെടുക്കാന്‍ എത്തിയിട്ടുണ്ട്. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം മാതാപിതാക്കളുടെ മൊഴിയെടുക്കാനാണ് എത്തിയത്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. നീതികിട്ടുമെന്ന് വിശ്വസിക്കുന്നതായി ദേവികയുടെ കുടുംബം പ്രതികരിച്ചു.






