വയനാട്: അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ച കേസില്‍ അറസ്റ്റിലായ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനുമായി എക്സൈസ് തെളിവെടുപ്പ് നടത്തി. വാഴവറ്റയിലെ മൂങ്ങനാനിയിലുള്ള വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്. വീടിന്റെ ഉടമസ്ഥത സംബന്ധിച്ച് നേരത്തെ കോടതിയില്‍ വാദപ്രതിവാദം നടന്നിരുന്നു.
നിലവില്‍ എക്സൈസ് കസ്റ്റഡിയിലുള്ള ആന്റോ അഗസ്റ്റിനെ നാളെ ഉച്ചയ്ക്ക് 12 മണിവരെയാണ് സുല്‍ത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്. വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മദ്യം എവിടെനിന്നാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താൻ കൂടുതല്‍ അന്വേഷണം വേണമെന്ന് എക്സൈസ് കോടതിയെ അറിയിച്ചു.
ആല്‍ക്കഹോള്‍ അടങ്ങിയ പാനീയം എവിടെയാണ് നിർമിച്ചതെന്നും കണ്ടെത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മദ്യത്തിന്റെ ഉറവിടം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്ന എക്സൈസ് ആവശ്യം കോടതി അംഗീകരിച്ചു.
നാല് ദിവസത്തെ കസ്റ്റഡിയാണ് എക്സൈസ് ആവശ്യപ്പെട്ടതെങ്കിലും തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി 24 മണിക്കൂർ മാത്രമാണ് കോടതി അനുവദിച്ചത്. നടപടികള്‍ പൂർത്തിയാക്കി നാളെ ഉച്ചയ്ക്ക് 12 മണിയോടെ ആന്റോ അഗസ്റ്റിനെ മാനന്തവാടി ജയിലില്‍ ഹാജരാക്കും. ചൊവ്വാഴ്ച ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും.






