തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസില്‍ മുൻകൂർ ജാമ്യാപേക്ഷ നല്കി റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ.
തിരുവനന്തപുരം ജില്ലാകോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്. ഹർജി 23 ന് പരിഗണിക്കും.
ആൻ്റോ അഗസ്റ്റിനെതിരെ സൈബർ പൊലീസ് ആണ് കേസ് എടുത്തത്. പിന്നീട് കളമശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. അതേസമയം, അനുവദനീയമായതിലും കൂടുതല്‍ മദ്യം കൈവശം വെച്ച കേസില്‍ ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയില്‍ വിട്ടു. 24 മണിക്കൂർ നേരത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. നാളെ ഉച്ചയ്ക്ക് 12വരെയാണ് കസ്റ്റഡി സമയം. കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ ആൻ്റോയെ വിശദമായി ചോദ്യം ചെയ്യും.
ഇന്നലെ, ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കുന്നതിനായി മാറ്റി. നേരത്തെ, ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. അളവില്‍ കവിഞ്ഞ 67 ലിറ്റർ മദ്യ ശേഖരമാണ് ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍ ആന്റോ അഗസ്റ്റിന്റേത് അല്ല വീട് എന്നായിരുന്നു പ്രതിഭാഗം വാദം. കേസിന്റെ ഭാഗമായി നേരത്തെ മറ്റൊരാള്‍ക്ക് അറ്റാച്ച് ചെയ്ത് നല്‍കിയിട്ടുണ്ട് എന്ന് വാദിച്ചെങ്കിലും 2025 ഇല് ആന്റോ അഗസ്റ്റിന്റെ പേരില്‍ നികുതി അടച്ച രേഖകള്‍ ഉള്‍പ്പടെ പ്രോസിക്യൂഷൻ ഹാജരാക്കി. ഇത്രയധികം മദ്യ ശേഖരം എന്തിന്? ആർക്കുവേണ്ടി വീട്ടില്‍ സൂക്ഷിച്ചു? ഇതിന്റെ സോഴ്സ് എന്താണ്? എന്ന് ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്.
പിടിച്ചെടുത്ത 43 ലിറ്ററില്‍ അധികം വരുന്ന വിദേശ നിർമ്മിത വിദേശ മദ്യം എങ്ങനെ എത്തിച്ചു. പിന്നില്‍ ആരെങ്കിലും ഉണ്ടോ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്നത് ഉള്‍പ്പെടെ കണ്ടെത്തണമെന്നായിരുന്നു പ്രോസിക്യൂഷ്യൻ വാദം. പ്രതി സ്വാധീനമുള്ള വ്യക്തിയായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സ്വതന്ത്ര അന്വേഷണം തടസ്സപ്പെടുത്താനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചിരുന്നു. തുടർന്ന് ജാമ്യാപേക്ഷ തള്ളുകയായിരുന്നു.






