കൊച്ചി: അബ്കാരി കേസിൽ റിപ്പോർട്ടർ ടി.വി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം.
കേസിൽ സർക്കാരിനുവേണ്ടി ഡിജിപി ആസഫ് അലി ഹാജരായി. വീട്ടിൽനിന്ന് അനുവദനീയമായതിലധികം മദ്യം പിടികൂടിയ കേസിൽ റിപ്പോർട്ടർ ടി.വി എംഡി ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ച് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നേരത്തെ കോടതി ജാമ്യം നിഷേധിച്ചിരുന്നു.
മദ്യം പിടികൂടിയ വീട് തന്റേതല്ലെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ പ്രധാന വാദം.
വീട് സർഫാസി നിയമപ്രകാരം നേരത്തെ ജപ്തി ചെയ്തതാണെന്നും ലില്ലി എന്ന സ്ത്രീയുടെ പേരിലാണ് നിലവിലുള്ളതെന്നും ചൂണ്ടിക്കാട്ടി ഇതുമായി ബന്ധപ്പെട്ട രേഖകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി.
അതിനാൽ വീട്ടിൽനിന്ന് പിടികൂടിയ മദ്യത്തിന്റെ ഉത്തരവാദിത്തം തനിക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.
ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു.
കേസിൽ അന്വേഷണം തുടരുന്നതിനാലും കസ്റ്റഡി ആവശ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
എന്നാൽ സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം.
കേസുമായി ബന്ധപ്പെട്ട മറ്റ് ഉപാധികൾ കോടതി ഉത്തരവ് പുറത്തുവരുന്നതോടെ വ്യക്തമാകും.
ഏകദേശം അഞ്ച് മിനിറ്റോളം മാത്രമാണ് ഇന്നത്തെ വാദം നടന്നത്.
ജാമ്യാപേക്ഷ പരിഗണിച്ച ഉടൻ തന്നെ പ്രതിഭാഗം വീട് ആന്റോയുടേതല്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ കോടതിയിൽ സമർപ്പിക്കുകയായിരുന്നു.
നേരത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് ആന്റോയെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു.
കസ്റ്റഡി കാലാവധി പൂർത്തിയായ ശേഷമാണ് ഇന്ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിച്ചത്.






