ഫ്ലോറിഡ: ഇറാനെതിരെയുള്ള സൈനിക ആക്രമണം ഉടൻ ഉണ്ടായേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.
ഫ്ളോറിഡയില്‍ മിഡ്ടേം തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനെതിരെ ഉടൻ ആക്രമണം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, 'നാളെത്തന്നെ അത് സംഭവിച്ചേക്കാം, അതിനുള്ള സാദ്ധ്യതയുണ്ട്' എന്ന് ട്രംപ് പ്രതികരിച്ചു. എന്നാല്‍ അതോടൊപ്പം തന്നെ, ഇരുരാജ്യങ്ങളും തമ്മില്‍ മികച്ചൊരു സമാധാന കരാറിലെത്താനുള്ള സാദ്ധ്യത നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ ഉണ്ടാക്കാൻ ഇറാനും താല്പര്യമുണ്ടെങ്കിലും അത് അവർ പാലിക്കുമോ എന്നതാണ് പ്രധാന ചോദ്യമെന്ന് ട്രംപ് പറഞ്ഞു.
പടിഞ്ഞാറൻ ഏഷ്യയിലെ സൈനിക നടപടികളെ ന്യായീകരിച്ച ട്രംപ്, യു.എസ് നാവികസേനയെയും സൈന്യേ പ്രശംസിച്ചു. ഇറാന്റെ യുദ്ധവിമാനങ്ങളെയും 259 കപ്പലുകളെയും തകർത്തതായും നിലവില്‍ കടുത്ത പണപ്പെരുപ്പം മാത്രമാണ് ഇറാനില്‍ അവശേഷിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, അമേരിക്കൻ നാവിക ഉപരോധം നീക്കുന്നതിന് പകരമായി ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാമെന്ന തരത്തില്‍ വരുന്ന വാർത്തകള്‍ ഇറാൻ തള്ളി. സൗദി അറേബ്യൻ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട ഈ റിപ്പോർട്ടുകള്‍ അസത്യമാണെന്ന് ഐ.ആർ.ജി.സിയുമായി ബന്ധമുള്ള തസ്നിം ന്യൂസ് ഏജൻസിയും പ്രസ് ടിവിയും റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ മധ്യസ്ഥർക്ക് ഇറാൻ പുതിയ നിർദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.






