തിരുവനന്തപുരം: രോഗികളുടെ വിളി വന്നാല്‍ പത്ത് മിനിറ്റിനുള്ളില്‍ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ.
തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ 108 ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആരോഗ്യവകുപ്പ് നിരത്തിലിറക്കുന്ന 335 ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രിമാരായ കെ.മുരളീധരനും സി.പി. ജോണും ചേർന്ന് നിർവഹിച്ചു.
സാമ്പത്തികപ്രയാസം ബാധിക്കാത്ത രീതിയില്‍ ആരോഗ്യവകുപ്പിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു.
ചുരുങ്ങിയ വിലയ്ക്ക് മികച്ച ഗുണമേന്മയുള്ള മരുന്നുകള്‍ സർക്കാർ എല്ലായിടത്തും ലഭ്യമാക്കുന്നുണ്ട്. ഈ സർക്കാർ അധികാരത്തിലേറിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ രോഗികളെ നിലത്ത് കിടത്തുന്ന സമ്പ്രദായം അവസാനിപ്പിച്ചു.
പുനലൂരില്‍ ആരംഭിച്ച 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം നല്കുന്ന പ്രതീക്ഷാകേന്ദ്രം വൻ വിജയമായി.
സംസ്ഥാനമെമ്പാടും പദ്ധതി വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ തുടങ്ങിയവർക്കായി തസ്തികകള്‍ സൃഷ്ടിക്കും. ഇതിനുള്ള നിർദേശം ധനവകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഇത് ഘട്ടംഘട്ടമായി നടപ്പാക്കും. പോരായ്മകള്‍ ചൂണ്ടിക്കാണിച്ചാല്‍ മുഖം നോക്കാതെ നടപടിയെടുക്കും.
സർക്കാർ സർവീസില്‍ തുടരുന്ന ഡോക്ടർമാരെ സർക്കാർ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.






