ആർപ്പൂക്കര : വില്ലൂന്നിയിൽ 18ഏക്കറിൽ പടർന്നുകിടക്കുന്ന കോവിൽച്ചാൽ പ്രാന്തൽ പാടശേഖരത്തിൽ ഇനി ആമ്പൽ വസന്തമാണ്. ഇവിടുത്തെ പിണഞ്ചിറക്കുഴിക്കാർക്ക് ഇനി ആമ്പൽവസന്തത്തിന്റെ നാളുകളാണ്. ചുവന്നുതുടുത്ത ആമ്പൽപ്പൂക്കളുടെ നറുസൗരഭ്യം നുകരാൻ ആളുകൾക്കിനി ഇങ്ങോട്ടേക്ക് വരാം.
ഈ ഗ്രാമവാസികളെല്ലാം ഓണനാളുകളെ ആമ്പൽപ്പൂക്കളാൽ വരവേൽക്കാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ്. മുൻ വർഷങ്ങളേക്കാൾ കൂടുതൽ ആമ്പൽപ്പൂക്കൾ ഇപ്പോൾ ഇവിടുണ്ട്. അതിനാൽ തന്നെ ഇവിടെ ആദ്യമായി ആമ്പൽഫെസ്റ്റ് നടത്താമെന്ന തീരുമാനത്തിലാണ് നാട്ടുകാരും പഞ്ചായത്തും.
ടൂറിസത്തിനും തൊഴിൽ മേഖലയ്ക്കും ഏറെ സാധ്യതയുള്ള ആമ്പൽഫെസ്റ്റ് ഔദ്യോഗികമായി ഓഗസ്റ്റ് എട്ട് മുതൽ നടത്താനാണ് പഞ്ചായത്തിന്റെ തീരുമാനം. ആമ്പൽക്കൂട്ടത്തിന് നടുവിലൂടെ വള്ളത്തിൽ പാടശേഖരം മുഴുവനും കൊണ്ടുകാണിക്കാൻ നാട്ടുകാർ റെഡിയാണ്. പാടവരമ്പിലൂടെ നടന്നും പൂക്കളുടെ ഭംഗി ആസ്വദിക്കാം. പാടശേഖരസമിതിയും നാട്ടുകാരുടെ ജനകീയകൂട്ടായ്മയുമാണ് ആമ്പൽ കാണാനെത്തുന്നവർക്ക് സൗകര്യമൊരുക്കുക.






