എറണാകുളം : ആലുവയില്‍ നിന്ന് 12 വയസുകാരിയെ കാണാതായ സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. കൂടാതെ കുട്ടിയെ കാണാതായി നാല് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താൻ പൊലീസ് കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
ആലുവ കരുമാലൂരില്‍ നിന്ന് ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് പുസ്തകം വാങ്ങി വരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ അമ്മയുടെ മൊബൈല്‍ ഫോണും കുട്ടിയുടെ കൈവശമുണ്ടായിരുന്നു.
ഫോണ്‍ നിലവിൽ സ്വിച്ച്ഓഫ് ആണ്. അവസാനമായി ലഭിച്ച ടവർ ലൊക്കേഷൻ കാസർകോടാണെന്ന് കുടുംബം പറയുന്നു. നിലവിൽ കുട്ടിക്കായി മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ്.






