കൊച്ചി: എറണാകുളം മഞ്ഞാലിയില്‍ പുഴയില്‍ ചാടിയ വിദ്യാര്‍ഥിനിയെ സാഹസികമായി രക്ഷിച്ച് ബസ് ഡ്രൈവര്‍. കരുമാല്ലൂർ ചാലാക്ക പള്ളിയാമ്പല് വീട്ടില്‍ അജേഷ് (41) ആണ് സ്വന്തം ജീവൻ പോലും പണയം വെച്ച് പെണ്‍കുട്ടിയെ രക്ഷിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.20ഓടെയാണ് സംഭവം. പൊയ്ക്കാട്ടുശ്ശേരി സ്വദേശിനിയായ യുവതി മാഞ്ഞാലി പാലത്തില്‍ നിന്ന് പെരിയാറിലേക്ക് ചാടുകയായിരുന്നു.
സംഭവ സമയം യാത്രക്കാരുമായി വന്ന സ്വകാര്യ ബസ്, മാഞ്ഞാലി പാലത്തിന് സമീപമെത്തിയപ്പോള്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ട ഡ്രൈവർ അജേഷ് വാഹനം നിർത്തി വിവരം അന്വേഷിച്ചു.
തുടർന്ന് മറ്റൊന്നും ആലോചിക്കാതെ അജേഷ് നേരെ വെള്ളത്തിലേക്ക് ചാടി. പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച് ഏകദേശം 100 മീറ്ററോളം നീന്തിയാണ് കരയ്ക്കെത്തിച്ചത്. തുടർന്ന് മാഞ്ഞാലി കോളനി കടവിലുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് പെണ്‍കുട്ടിയെ ഉടൻ വാഹനത്തില്‍ കയറ്റി ചാലക്കുടി മെഡിക്കല്‍ കോളജില്‍ എത്തിച്ചു.
നീറ്റ് പരീക്ഷയില്‍ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്ത മനോവിഷമത്തെ തുടർന്നാണ് പെണ്‍കുട്ടി പുഴയില്‍ ചാടിയതെന്നാണ് വിവരം.
ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സ്വന്തം ജീവൻ പണയം വെച്ച് നടത്തിയ ഈ ഇടപെടലിന് അജേഷിന് അഭിനന്ദനപ്രവാഹമാണ്.






