പത്തനംതിട്ട : റാന്നിയിൽ യുവാവ് സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി. വരവൂർ സ്വദേശിക്കെതിരെയാണ് മൂന്ന് സ്ത്രീകൾ പരാതി നൽകിയത്. പ്രതിയുടെ മൊബൈൽ ഫോണിലെ മോർഫ് ചെയ്ത ദൃശ്യങ്ങൾ മറ്റൊരാൾ സ്വന്തം മൊബൈലിലേക്ക് പകർത്തിയെന്നും പരാതിയിൽ പറയുന്നു.
ഇവരുടെ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും തെളിവുകൾ കണ്ടെത്താനായിട്ടില്ല. മറ്റൊരു മൊബൈലിൽ പകർത്തിയ ദൃശ്യം തെളിവായി കണക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്. ലാപ്ടോപ്പും മൊബൈൽഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.
എന്നാൽ മൊഴി പ്രകാരമല്ലാത്ത വിവരങ്ങൾ പൊലീസ് എഫ്ഐആറിൽ ഉൾപ്പെടുത്തിയെന്നും തെളിവ് നശിപ്പിക്കാനുള്ള സമയം പ്രതിക്ക് ലഭിച്ചെന്നും പരാതിക്കാർ പറയുന്നു. പണം വാങ്ങി മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ വിൽക്കുന്ന ആളാണോ പ്രതിയെന്നും ഇവർക്ക് സംശയമുണ്ട്.
അതേസമയം, മലപ്പുറത്ത് കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ അന്വേഷണ സംഘം നിർണായക വിവരങ്ങള്‍ ശേഖരിച്ചു. വിദ്യാർത്ഥികളുടെ ചിത്രങ്ങൾ നിർമിച്ചത് എ ഐ ഉപയോഗിച്ചാണെന്നാണ് കണ്ടെത്തല്‍. ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി പണം വാങ്ങി വിൽപ്പന നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ചിത്രങ്ങൾ പ്രചരിപ്പിച്ച വ്യക്തിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.






