തുറവൂർ: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുൻവശത്ത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മാത്രം മൂടിയിരുന്ന വാട്ടർ ടാങ്കിൽ വീണ് വഴിയാത്രക്കാരന് നട്ടെല്ലിന് പൊട്ടലേറ്റു.
അരൂക്കുറ്റി പഞ്ചായത്ത് പതിനൊന്നാം വാർഡ് കല്യാണപ്പറമ്പിൽ ഡൊമനിക്കിന്റെ മകൻ അലക്സ് ഡെഫിനിക്കാണ് (40) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്.
അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന അലക്സ് പത്ത് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
നവംബർ 17ന് തിരികെ അബുദാബിയിലേക്ക് പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്.
ആലുവയിൽ സുഹൃത്തിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ ബസ് കാത്തുനിൽക്കുമ്പോൾ കഴിഞ്ഞദിവസം വൈകിട്ട് കുണ്ടന്നൂർ ജംഗ്ഷനിലായിരുന്നു അപകടം.
റോഡിന് വീതി കുറവായതിനാൽ സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ കോമ്പൗണ്ടിലേക്ക് കയറിയാണ് യാത്രക്കാർ സാധാരണയായി നിൽക്കുന്നത്.
മതിൽ കെട്ടി തിരിക്കാത്ത കെട്ടിടത്തിന്റെ പരിസരത്ത് പത്തടിയോളം താഴ്ചയുള്ള വാട്ടർ ടാങ്ക് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മാത്രം മൂടിയിരിക്കുകയായിരുന്നു.
ഇതിൽ ചവിട്ടിയ അലക്സ് നേരെ ടാങ്കിലേക്ക് പതിക്കുകയായിരുന്നു.






