തിരുവനന്തപുരം: 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കി അയച്ച വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ കേന്ദ്ര സർക്കാർ തള്ളിയ സംഭവത്തില്‍ പ്രതികരണവുമായി മുൻ മന്ത്രി എ കെ ശശീന്ദ്രൻ.
ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടുന്നതില്‍ കേരള സർക്കാർ പരാജയപ്പെട്ടതായി എ കെ ശശീന്ദ്രൻ പറഞ്ഞു. സർക്കാർ ഇതില്‍ കാര്യക്ഷമമായി ഇടപെടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭ പാസാക്കിയ ബില്‍ തള്ളുമ്പോള്‍ കർഷകർ അനുഭവിക്കുന്ന പ്രശ്നത്തിനാണ് പരിഹാരം ഇല്ലാതെ വരുന്നത്. സർക്കാർ അടിയന്തരമായി ഇടപെടണം എന്നു എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം കേരളത്തിന്റെ വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ കേന്ദ്രം തള്ളിയതിന് കാരണം കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പിന് മുൻപ് നടത്തിയ തട്ടിപ്പാണെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ നേരത്തെ പ്രതികരിച്ചിരുന്നു. രാജ്യത്തിന്റെ നിയമങ്ങള്‍ അറിയാതെയാണ് മുൻ സർക്കാർ ഇത്തരം നടപടികളിലേക്ക് കടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമ വകുപ്പുമായി ആലോചിച്ച് തുടർനടപടികള്‍ കൈക്കൊള്ളും. ഇ എസ് എ യുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തില്‍ സംസ്ഥാനത്തിന്റെ ആശങ്കകള്‍ പരിഹരിക്കാൻ അടിയന്തര നടപടിയുണ്ടാകുമെന്നും ജനവാസ മേഖലകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവ ഒഴിവാക്കാനുള്ള പരിശോധനകള്‍ നടത്താൻ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.






